Saturday, December 10, 2016

അവകാശങ്ങള്‍‌ക്ക്‌ വേണ്ടി എഴുന്നേല്‍‌ക്കുക

അവകാശങ്ങള്‍‌ക്ക്‌ വേണ്ടി എഴുന്നേല്‍‌ക്കുക
ഇന്നു ഡിസം‌ബര്‍ 10 മനുഷ്യാവകാശ ദിനം.1948ലെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തെ തുടര്‍‌ന്ന്‌ 1950 മുതല്‍ ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ആചരിച്ചു വരുന്നു. ഓരോ അവകാശ ദിനവും രേഖപ്പെടുത്തുമ്പോഴും മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകമെങ്ങും അരങ്ങേറുന്നു. ഭരണകൂട ഭീകരതയിലും വം‌ശീയ വര്‍‌ഗ്ഗീയ വെറിയുടെ കിരാതമായ മര്‍ദ്ധനമുറയിലും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്കുള്ള മുറവിളി മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

അവനവനാത്മ സുഖത്തിനായ് ആചരിക്കുന്നവ 
അപരന്നു സുഖത്തിനായ് വരേണം.

ശ്രീ നാരായണ ഗുരുവിന്റെ ഈ വരികള്‍ക്ക് വര്‍‌ത്തമാനകാലത്ത്‌ ഏറെ പ്രസക്തിയുണ്ട്‌.മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പ്രകടമായ വ്യത്യാസം മനുഷ്യനു മറ്റുള്ളവരെ പരിഗണിക്കാന്‍ കഴിയും.മൃഗത്തിനു കഴിയുകയില്ല.ഒരുവേള മൃഗത്തിനു സാധിക്കുന്നത്രപോലും മനുഷ്യനു സാധിക്കുന്നില്ല എന്നതായിരിയ്‌ക്കാം ശരി.അവനവനിസം വ്യക്തികളിലും കുടും‌ബങ്ങളിലും കൂട്ടു കുടും‌ബങ്ങളിലും അയല്‍ കൂട്ടങ്ങളിലും ഗ്രാമങ്ങളിലും പ്രദേശങ്ങളിലും പ്രവിശ്യകളിലും രാജ്യങ്ങളിലും എന്നല്ല രാജ്യാന്തരങ്ങള്‍ വരെ കാട്‌ കയറിയിരിയ്‌ക്കുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പണ്ടു പണ്ടേയുള്ള പല്ലവി പോലും ഇത്തരത്തിലാണ്‌.'ഞങ്ങളുടെ രാജ്യ താല്‍‌പര്യം'.ഈ വന്‍‌ശക്തി ആപ്‌തവാക്യം ലോകമെമ്പാടും തീ തുപ്പിയതിന്റെ ഇരകളാണ്‌ ലോകത്തെ സിം‌ഹ ഭാഗം രാജ്യങ്ങളും.കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ മുതല്‍ മധ്യേഷ്യവരെ കിരാതമായ മനുഷ്യാവകാശ ദ്വംസനങ്ങളുടെ ജീവിക്കുന്ന ഉദാഹരണങ്ങള്‍ ഹൃദയ ഭേദകം തന്നെ.തങ്ങളുടെ രാജ്യത്തിന്റെ ഐശ്വര്യത്തിനു വേണ്ടി ലോകം മുഴുവന്‍ ചുട്ടു ചാമ്പലായാലും വിരോധമില്ലെന്ന ധാര്‍‌ഷ്‌ട്യം കവര്‍ന്നെടുത്ത മനുഷ്യാവകാശ ലം‌ഘനങ്ങള്‍‌ക്ക്‌ കയ്യും കണക്കുമില്ല.രാജ്യ താല്‍‌പര്യം എന്ന കുടുസ്സായ ചിന്തയ്‌ക്ക്‌ പകരം ലോക താല്‍‌പര്യം.മാനവ രാശിയുടെ താല്‍പര്യം എന്ന ഇന്‍‌സാനിയത്തിലേയ്‌ക്ക്‌ ചിന്തകള്‍ തിരിച്ചു വിടാനുള്ള പരിശ്രമങ്ങള്‍‌ക്ക്‌ തിരികൊളുത്താന്‍ ബുദ്ധിയും ബോധവുമുള്ള ജനത പ്രതിജ്ഞബദ്ധരാകണം.

ഭ്രാന്തമായ ദേശിയതയും വം‌ശീയതയും ചുട്ടു ചാമ്പലാക്കിയ ചുടലക്കളമായി മാറിയിരിയ്‌ക്കുന്നു നമ്മുടെ രാജ്യം.വര്‍‌ണ്ണ വിവേചനവും വര്‍‌ഗീയ ചേരിതിരിവുകളും വന്‍മതിലുകളയര്‍‌ത്തിയ ഭീകരാന്തരീക്ഷം കൊണ്ട്‌ ഇരുള്‍മുറ്റിയിരിക്കുന്നു ഈ മഹാരാജ്യം.എങ്കിലും ഈ അന്ധകാരത്തിനൊടുവില്‍ ഒരു സുപ്രഭാതം പ്രതീക്ഷിച്ചു നമുക്ക്‌ പ്രവര്‍‌ത്തിക്കാം.അപരന്റെ അവകാശങ്ങള്‍ക്ക്‌ വേണ്ടി എഴിന്നേല്‍‌ക്കുക എന്ന മനുഷ്യാവകാശ ദിന മുദ്രാവാക്യം സാര്‍ഥകമാകട്ടെ. നമുക്ക്‌ പ്രാര്‍‌ഥിക്കാം.

0 comments:

Post a Comment

Note: Only a member of this blog may post a comment.