Wednesday, October 21, 2015

റോഡിലെ കറവ പശുക്കള്‍

ഖത്തറിലെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട്‌കൊണ്ടിരിക്കുന്ന യാത്രാ സൌകര്യങ്ങളില്‍ പ്രമുഖാസ്ഥനത്ത്‌ നില്‍ക്കുന്ന മുവാസലാത്തുമായി ബന്ധപ്പെട്ട ചിലതു വായനക്കാരുമായി പങ്കുവെക്കട്ടെ.ഘട്ടം ഘട്ടമായി യാത്രാ സൌകര്യങ്ങള്‍ എളുപ്പമാക്കുന്നതില്‍ പ്രശംസനീയമായ സേവനം മുവാസലാത്ത്‌ നല്‍കി വരുന്നു എന്നതില്‍ പക്ഷാന്തരമില്ല.അതേ സമയം യാത്രക്കാരുടെ സൌകര്യങ്ങളും ആവശ്യങ്ങളും അവകാശങ്ങളും കൃത്യമായി പഠിക്കുന്നതിലും വിലയിരുത്തുന്നതിലും വേണ്ടത്ര വിജയിച്ചിട്ടില്ല എന്ന്‌ പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

യാത്രക്കാരുമായി അഭിമുഖം നടത്തി മാത്രം ഡോര്‍ തുറക്കുന്ന 'കറവകള്‍' തന്നെയാണ്‌ ഏറ്റവും വലിയ ദുരന്തം .വിലപേശല്‍ രീതിയാണ്‌ മറ്റൊരു ദുരന്തം .യാത്രക്കാരുമായി പെരുമാറാനറിയത്തവരാണ്‌ ബഹു ഭൂരിപക്ഷം പേരും .ഇങ്ങനെ എണ്ണിപ്പറയാന്‍ തുടങ്ങിയാല്‍ പലതുമുണ്ട്‌.ഒരേനിറമുള്ള കുറേ വണ്ടികള്‍ അതില്‍ ആര്‍ക്കാനും വേണ്ടി കണ്ഡ കൌപീനം  കെട്ടിയ ഡ്രൈവര്‍മാര്‍ .ഇതനപ്പുറം ഒരു രാജ്യത്തെ അംഗീകൃത ടാക്‌സിയില്‍ കയറിയ ഒരു സുഖവും അനുഭവവും ബഹുഭൂരിപക്ഷം കറവയില്‍ നിന്നും  യാത്രക്കാരനു ലഭിക്കുന്നില്ല.പലപ്പോഴും യാത്രക്കാരന്റെ ലക്ഷ്യ സ്ഥാനവും ചാര്‍ജും നിശ്ചയിച്ചുറപ്പിക്കേണ്ട ഗതികേടിനു ഒരറുതിയും വന്നിട്ടില്ല.

കറവകളുടെ സേവന വേതന വ്യവസ്ഥകള്‍ പോലും ഏകീകൃതമല്ലെന്നാണ്‌ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ള മറ്റൊരു വസ്‌തുത.അധികാരികളില്‍ നിന്നും തങ്ങള്‍ക്ക്‌ ലഭിക്കുന്ന സേവന വേതന സമീപനങ്ങളുടെ പ്രതിഫലനങ്ങളാണ്‌ യാത്രക്കാര്‍ അനുഭവിക്കേണ്ടി വരുന്നതെന്നു ആരെങ്കിലും സംശയിച്ചാല്‍ നിഷേധിക്കാനാകില്ല.

ഇനിയുള്ളത്‌ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടോടുന്ന ആഢംബരവും അല്ലാത്തതുമായ കെങ്കേമന്‍ ബസ്സുകളാണ്‌.പല സ്‌റ്റോപ്പുകളിലും ഒന്നിലേറെ ബസ്സുകള്‍ ഒരേ സമയം ​വന്നു നില്‍ക്കും . ലക്ഷ്യ സ്ഥാനത്തെത്തി തിരിച്ചു വരിക എന്നതിനപ്പുറം ഒരു വിചാരവുമില്ലാത്ത ഡ്രൈവര്‍മാര്‍ പലപ്പോഴും യാത്രക്കാരെ പെരുവഴിയില്‍ ഉപേക്ഷിച്ചു പോകുന്ന കാഴ്‌ച നിത്യ സംഭവമാണ്‌.ചില ഭാഗ്യവാന്മാര്‍ക്ക്‌ യാത്ര തരപ്പെടും ഇത്ര തന്നെ.

രാജ വീഥികളുടെ അറ്റകുറ്റ പണികളുമായി ബന്ധപ്പെട്ട്‌ നിര്‍‌ത്തലാക്കിയ സ്റ്റോപ്പുകള്‍ പലതും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല.അതില്‍ എടുത്തു പറയാവുന്ന ഉദാഹരണം ഉദ്ധരിച്ചു കൊണ്ട്‌ ഈ കുറിപ്പിനു വിരാമമിടാം.

സല്‍വ റോഡില്‍ ജൈദ പാലത്തിനടുത്തുള്ള ഒരു ബസ്‌റ്റോപ്പ്‌ കഴിഞ്ഞാല്‍ അടുത്ത സ്റ്റോപ്പ്‌ മിഡ്‌മാക് റൌണ്ടിനു ശേഷം മാത്രമാണ്‌.റമദ സിഗ്നല്‍ കഴിഞ്ഞുടന്‍ അപൂര്‍വം ചില സുമനസ്സുക്കളായ ഡ്രൈവര്‍മാര്‍ ഔദാര്യം കാണിക്കുന്നു എന്നത്‌ മാത്രമാണ്‌ ഇതിന്നൊരപവാദം. അതുപോലെ തിരിച്ച്‌ ദോഹക്കുള്ള യാത്രക്കാര്‍ക്ക്‌ മിഡ്‌മാകിന്റെ തൊട്ടു മുമ്പുള്ള സ്റ്റോപ്പിനു ശേഷം ഹോം സെന്റര്‍ എത്തും വരെ ഒരു സ്റ്റോപ്പും അനുവദിക്കപ്പെട്ടിട്ടില്ല.ഈ പരിധിയില്‍ ആദ്യമുണ്ടായിരുന്ന നാലുസ്റ്റോപ്പുകളില്‍ ഒന്നെങ്കിലും അനുവദിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചു കാണുന്നുമില്ല.മുവാസലാത്ത്‌ ജന സേവനത്തിന്റെ പാതയില്‍ ഇനിയും കുറേ ആഢംബര വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നു മാധ്യമങ്ങള്‍ പറയുന്നു.രാജവിഥികള്‍‌ക്കലങ്കാരമായി ആധുനിക വാഹന സൗധങ്ങള്‍....
മാധ്യമം.

0 comments:

Post a Comment

Note: Only a member of this blog may post a comment.