Friday, March 8, 2019

മനുഷ്യത്വം ദര്‍‌ശനവും പ്രായോഗികതയും

ദോഹ:പരക്ഷേമ തല്‍‌പരതയില്ലാത്തവന്‍ ശാന്തിയുടേയും സമാധാനത്തിന്റേയും ദിവ്യ ദര്‍‌ശനത്തില്‍ ഇടമില്ലാത്തവനാണെന്ന വിശുദ്ധ സൂക്തങ്ങള്‍ വിസ്‌മരിക്കപ്പെട്ട കെട്ട കാലം.ദിവ്യ വേദങ്ങളില്‍ ഹൃദ്യമായി മുഴങ്ങുന്ന ഈ മാനുഷിക മന്ത്രത്തെ പരിഗണിക്കാതെ പോയതിന്റെ തിക്ത ഫലം അനുഭവിക്കാന്‍ നിര്‍‌ബന്ധിതരായ വര്‍‌ത്തമാന ലോകരും ലോകവും. ഇവിടെ വിശ്വാസികളും അവിശ്വാസികളും ഒരു പോലെ വിലപിക്കുന്ന കാഴ്‌ച അതി ദയനീയം.മനുഷ്യത്വം ദര്‍‌ശനവും പ്രായോഗികതയും എന്ന വിഷയം അവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അസീസ്‌ മഞ്ഞിയില്‍.

സി.ഐ.സി ദോഹ സോണ്‍ ഒരുക്കിയ പരിപാടിയില്‍ വിവിധ വീക്ഷണ ധാരയിലുള്ള  ഗൗരവമുള്ള ചിന്തകളുമായി പ്രഗത്ഭരായ സുരേഷ്‌ കരിയാട്‌,ഡേവീസ്‌ ഇടശ്ശേരി, അജീഷ്‌ വടക്കിന്‍ കരയില്‍, ശ്യാം മോഹന്‍,സലാഹുദ്ധീന്‍ ചെറാവള്ളി തുടങ്ങിയവര്‍  ചര്‍‌ച്ചയെ സ്ജീവമാക്കി.

മാനുഷീകത എന്നത്‌ മനുഷ്യ ഹൃദയങ്ങളിലുള്ള ദൈവത്തിന്റെ സാന്നിധ്യമാണ്‌.ദൈവം മനുഷ്യനെ നാമകരണം ചെയ്ത ദൈവത്തിന്റെ പ്രതിനിധി എന്ന ദൈവീക ഭാവത്തിന്റെ പ്രസരണമാണത്.

ആരാധനാലയങ്ങളും സാം‌സ്‌കാരിക കേന്ദ്രങ്ങളും മുമ്പെങ്ങുമില്ലാത്ത വിധം കെട്ടിപ്പടുക്കുന്നുണ്ടെങ്കിലും സം‌സ്‌കൃത സമൂഹം ഉയര്‍‌ത്തപ്പെടുന്നില്ല.സകലതും യാന്ത്രികമാണ്‌.ആത്മീയാവിഷ്‌കാരങ്ങള്‍ പോലും ഭൗതിക ദര്‍‌ശന വിശകലനങ്ങളുടെ പുകപടലങ്ങളില്‍ വികൃതമായിരിക്കുന്നു.

പ്രകടനപരതയുടെ ആവേശ ഭൂമികയില്‍ ഈശ്വര നിരീശ്വര ദര്‍‌ശനങ്ങളുടെ വാഹകര്‍ അറിഞ്ഞും അറിയാതെയും ഒരേ ധാരയില്‍ തന്നെ കൂലം കുത്തി ഒഴുകുകയാണ്‌.ഇതിന്റെ പ്രതിഫലനമെന്നോണം മാനുഷികത തീര്‍‌ത്തും നഷ്‌ടപ്പെട്ട സമൂഹം മഹാ ദുരന്തം സൃഷ്‌ടിച്ച്‌ താണ്ഡവമാടുകയാണ്‌.

ബുദ്ധനും കൃഷ്‌ണനും മോശയും യേശുവും മുഹമ്മദും തുടങ്ങിയ പ്രബോധകന്മാരും പ്രവാചകന്മാരും ഗാന്ധിജിയും ഗുരുദേവനും മദര്‍ തെരേസയും പോലുള്ള പരിവ്രാചകന്മാരും പ്രസാരകരും പഠിപ്പിച്ചതും പ്രചരിപ്പിച്ചതും ഒരേ സ്‌നേഹാധ്യാപനങ്ങളുടെ സുവിശേഷങ്ങളായിരുന്നു. സുഖഭോഗ പ്രമത്തരായ ലോകം ഭൗതിക വാദ പ്രചാരണങ്ങളുടെ പ്രലോഭനങ്ങളില്‍ വശം‌വദരായതിന്റെ പരിണിതി അതി ഭീകരമത്രെ.

മതവും വിശ്വാസവും അം‌ഗീകരിക്കുന്നു എന്ന്‌ സമ്മതിക്കുന്നവരുടേയും മതവും വിശ്വാസവും നിരാകരിക്കുന്നതായി പ്രഘോഷിക്കുന്നവരുടേയും ഭീകരതയും മൃഗീയതയും അതി ഭ്രാന്തമായ വേഷത്തിലും ഭാവത്തിലും ഉറഞ്ഞ്‌ തുള്ളുകയാണ്‌.അധാര്‍‌മ്മികതയുടെ ഈ കൂത്തരങ്ങില്‍ നിന്നും മോചനം ലഭിക്കാന്‍ ഒരേ ഒരു മാര്‍‌ഗ്ഗമേ അവശേഷിക്കുന്നുള്ളൂ.മാനുഷികതയിലേയ്‌ക്കും ധാര്‍‌മ്മിക ദര്‍‌ശനത്തിലേയ്‌ക്കും ആത്മാര്‍‌ഥയോടെയുള്ള തിരിച്ച്‌ നടത്തം.കൂരാ കൂരിരുട്ടില്‍ അട്ടഹസിച്ചും അന്ധാളിച്ചും നില്‍‌ക്കാതെ ഒരു തിരി കൊളുത്താനുള്ള ശ്രമങ്ങളാണ്‌ അഭികാമ്യം.ചര്‍‌ച്ചാ സദസ്സ്‌ ഏക സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

അയല്‍ വീടുകളുമായി സന്തോഷ സന്താപങ്ങള്‍ പങ്കുവെച്ചിരുന്ന ഒരു സുവര്‍‌ണ്ണ കാലഘട്ടം,വീടുകള്‍ക്കിടയിലെ പുല്ലു മുളയ്‌ക്കാത്ത നടപ്പാതയിലൂടെ നിരന്തരം നടന്നു പോയിക്കൊണ്ടിരുന്ന ഹാര്‍‌ദ്ദവമായ അയല്‍‌പക്ക ബന്ധം,വിശേഷപ്പെട്ട എന്തെങ്കിലും പാകം ചെയ്‌താല്‍ അയല്‍‌ക്കാരന്റെ ഓഹരിയെക്കുറിച്ച്‌ മറക്കാന്‍ കഴിയാതിരുന്ന പച്ചപിടിച്ച മനുഷ്യരുടെ വസന്തകാലം.മക്കള്‍‌ക്ക്‌ മാത്രമായി കൊണ്ടുവരുന്ന മധുര പലഹാരങ്ങള്‍ തൊട്ട വീട്ടിലെ കുട്ടികള്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധം സജീവമായിരുന്ന കാലം. ഇതെല്ലാം പ്രവാചകന്മാരുടെ ശിക്ഷണങ്ങളുടെ ബാക്കി പത്രമായിരുന്നു.ഇത്തരം അമൂല്യങ്ങളായ ശൈലികളെ ജീവിതത്തിലേയ്‌ക്ക്‌ പകര്‍‌ത്താനുള്ള ബോധപൂര്‍‌വ്വമായ പരിശ്രമങ്ങള്‍ പുരോഗമിക്കട്ടെ.നഷ്‌ടപ്പെട്ടെന്നു കരുതുന്ന എല്ലാ പ്രതാപവും തിരിച്ചു വരും.ചര്‍‌ച്ചാ സദസ്സ്‌ സമാഹരിച്ച്‌ കൊണ്ട്‌ ഹബീബ്‌ റഹ്‌മാന്‍ കീഴിശ്ശേരി പറഞ്ഞു. 

ഫദ്‌വ സലീം പ്രാര്‍‌ഥനാ ഗീതം ആലപിച്ചു.തുടര്‍‌ന്ന്‌ രാജ്യത്ത്‌ ദൗര്‍‌ഭാഗ്യകരമായുണ്ടായ ഭീകരാക്രമണത്തില്‍ രക്ത സാക്ഷിത്വം വഹിച്ച ധീര ജവാന്മാരുടെ ദീപ്‌ത സ്‌മരണയില്‍ മൗന പ്രാര്‍‌ഥന നടത്തി.സി.ഐ.സി ദോഹ സോണ്‍ ആക്‌ടിങ് പ്രസിഡന്റ്‌ ബഷീര്‍ അഹമ്മദ്‌ സ്വാഗതം പറഞ്ഞു.ദോഹ സോണ്‍ ജനറല്‍ സെക്രട്ടറി വി.കെ നൗഫല്‍ പരിപാടികള്‍ നിയന്ത്രിച്ചു.പ്രവാസി ഗായകന്‍ ജിജോ ഗാനമാലപിച്ചു.

സൗഹൃദത്തിന്റെ നിത്യ ഹരിത ഹൃദയബന്ധങ്ങളെ താലോലിക്കുന്ന സഹോദരങ്ങള്‍ ഒരുമിച്ച്‌ ഭക്ഷണം കഴിച്ച്‌ പിരിഞ്ഞു.


Saturday, August 11, 2018

മെറ്റബോളിക് സിൻഡ്രോം

'മെറ്റാബോളിക് സിൻഡ്രോം' ഹൃദയധമനീ രോഗങ്ങൾ, മസ്തിഷ്കാഘാതം, പ്രമേഹം, അർബുദം, അൽസ്ഹൈമേഴ്സ്, പൊണ്ണത്തടി, വൃക്കരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക്  പറയുന്ന കാരണമാണ് മെറ്റബോളിക് സിൻഡ്രോം.

ഇതിന്റെ 5 ലക്ഷണങ്ങള്‍:- രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടുക.രക്തത്തിലെ ട്രൈഗ്‌ളിസറൈഡ്‌.എച്ച്.ഡി.എൽ കുറയുക.വയറിന്റെ ചുറ്റളവ് പുരുഷന് 40 ഇഞ്ച്, സ്ത്രീകൾക്ക് 35 ഇഞ്ച് - ഇവയിൽ കൂടുതലുണ്ടാവുക.രക്തസമ്മർദ്ദം 120/85 ൽ കൂടുക.


ഭക്ഷണ ക്രമം കൊണ്ട്‌ ആരോഗ്യം നിലനിര്‍‌ത്താന്‍ സാധിക്കും.വര്‍‌ത്തമാന കാലത്ത്‌ മെറ്റാബോളിക് സിൻഡ്രോം വ്യാപകമാണ്‌.എല്ലാറ്റിനും കാരണം കൊഴുപ്പ്‌ വര്‍‌ദ്ധിക്കുന്നത് കൊണ്ടാണെന്നാണ്‌ വിശ്വസിപ്പിക്കപ്പെട്ടിരിക്കുന്നത്‌.ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണ രീതി അവലം‌ബിക്കുമ്പോള്‍ അന്നജം ഭക്ഷണ ക്രമത്തില്‍ സ്വഭാവികമായും കൂടും.ഇവ്വിധമുള്ള ക്രമക്കേട്‌ 'ഇന്‍‌സുലിന്‍' ശരീരത്തില്‍ കൂട്ടാന്‍ സഹായകമാകുന്നു.ഈ സാഹചര്യത്തിലാണ്‌ ഇന്ന്‌ പ്രചാരത്തിലുള്ള അധിക രോഗങ്ങളും.ഒന്നു കൂടെ വ്യക്തമാക്കിയാല്‍ കാര്‍ബോ ഹൈഡ്രേറ്റ് (അന്നജം)കൂടുതല്‍ കഴിക്കുകയും ആവശ്യമുള്ള ഫാറ്റ് (കൊഴുപ്പ്‌) കഴിക്കാതിരിക്കുകയും ചെയ്യുന്ന ശൈലി സ്വീകരിക്കുന്നതിനാലാണ്‌ രോഗം പിടിപെടുന്നത്‌.

എന്നാല്‍ ശുദ്ധമായ കൊഴുപ്പ്‌ കഴിക്കുകയും ശരീരത്തില്‍ അത്രയൊന്നും ആവശ്യമില്ലാത്ത അന്നജം അടങ്ങുന്ന ധാന്യം/കിഴങ്ങ് വര്‍‌ഗങ്ങള്‍ ഒഴിവാക്കി ഭക്ഷണ രീതി പുന ക്രമീകരിക്കുകയും ചെയ്‌താല്‍ ആരോഗ്യം തിരിച്ചു പിടിക്കാം.

1977 ജോര്‍‌ജ്‌ മൈക്  എന്ന അമേരിക്കന്‍ സെനറ്ററുടെ നേതൃത്വത്തില്‍ പുറപ്പെടുവിക്കപ്പെട്ട തികച്ചും ദൗര്‍‌ഭാഗ്യകരമായ പ്രഖ്യാപനം വിനാശകരമായ ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ ക്രമാതീതമായി വര്‍‌ദ്ധിക്കാന്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു.പൂരിത കൊഴുപ്പ്‌ ഒഴിവാക്കണമെന്നായിരുന്നു ഈ പ്രഖ്യാപനം.

പരമ്പരാഗതമായി ശീലിച്ചു പോന്ന വെളിച്ചെണ്ണയും/ഒലിവെണ്ണയും പാലുല്‍പന്നങ്ങളും ഒക്കെ കച്ചവടവല്‍കരിച്ച മറ്റൊരു രീതിയില്‍ അഥവാ കൊഴുപ്പ്‌ ദൂരീകരിക്കപ്പെട്ട രീതിയില്‍ അടിച്ചേല്‍‌പ്പിക്കപ്പെട്ടത് മാത്രം ഭക്ഷിച്ചു പോന്ന നാല്‌ പതിറ്റാണ്ട്‌ ലോകത്തിനു സമ്മാനിച്ചത് 'മെറ്റാബോളിക് സിഡ്രം ആയിരുന്നു.ഇതിലൂടെ സംജാതമായ ഭീമന്‍ രോഗങ്ങള്‍‌ക്കുള്ള വിലപിടിപ്പുള്ള മരുന്ന്‌ വില്‍‌പനയിലൂടെ മരുന്നുല്‍‌പാദന കമ്പനികള്‍ തടിച്ചു കൊഴുത്തതിന്റെ ചരിത്രം എഴുതി ഫലിപ്പിക്കാന്‍ പോലും സാധ്യമല്ല.

ആഗോള കച്ചവട താല്‍‌പര്യങ്ങളാല്‍ ബലികഴിക്കപ്പെട്ടതും ബലികഴിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നതും ലോകമെമ്പാടുമുള്ള ലക്ഷോപലക്ഷം മനുഷ്യരാണ്‌.അതിനാല്‍ ഒരു പുനര്‍ വിചിന്തനത്തിന്‌ ഒരുങ്ങുക.

എല്‍.സി.എച്.എഫ് (ലൊ കാര്‍ബൊ ഹൈഡ്രേറ്റ് ഹൈ ഫാറ്റ് ഡയറ്റ്.) ആരോഗ്യമുള്ള സമൂഹത്തെ സൃഷ്‌ടിച്ചേക്കും.

അസീസ്‌ മഞ്ഞിയില്‍

Saturday, August 4, 2018

സൗഹൃദ സം‌ഗമം ധന്യമായി

ദോഹ:ഒരു വസ്‌തു സ്വീകരിക്കപ്പെടുന്ന പശ്ചാത്തലം ഏറെ പ്രധാനം തന്നെയാണ്‌. മേഘങ്ങളിൽ നിന്നു വീഴുന്ന മഴത്തുള്ളി ശുദ്ധമായ കൈകളിലാണ് പതിക്കുന്നതെങ്കിൽ അത് പാനം ചെയ്യാം.പകരം അഴുക്ക്‌ ചാലിലാണെങ്കിൽ പാദം കഴുകാൻ പോലും യോഗ്യമല്ല.അതേ  മഴത്തുള്ളി ചുട്ടു പൊള്ളുന്ന ഒരു ലോഹത്തിലാണ് വീഴുന്നതെങ്കിൽ ബാഷ്‌പീകരിച്ച് ഇല്ലാതാകും.ഒരു പക്ഷെ പതിക്കുന്നത്‌ ഒരു താമരയിലാണെങ്കില്‍ പവിഴം പോലെ തിളങ്ങും.ഒരു മുത്തുച്ചിപ്പിയിലാണെങ്കിലോ അതൊരു പവിഴം തന്നെയാകും.ഓർക്കുക മഴത്തുള്ളി എപ്പോഴും ഒന്നുതന്നെയായിരുന്നു.അത് പതിക്കുന്ന പ്രതലങ്ങളാണ് വ്യത്യസ്തം.ഒരാൾ ആരുമായി സൗഹൃദത്തിലാകുന്നുവോ അതനുസരിച്ച് അയാളുടെ ജീവിതത്തില്‍,സ്വഭാവത്തില്‍,സം‌സ്‌കാരത്തില്‍ ഭാവമാറ്റമുണ്ടാകുന്നു.നല്ല സുഹൃത്തുക്കളാകട്ടെ നമ്മുടെ കൈമുതൽ.ജൂലായ്‌ 30 ലോക സഹൃദ സം‌ഗമ ദിനത്തോടനുബന്ധിച്ച്‌ ആഗസ്റ്റ്‌ 3 ന്‌ സി.ഐ.സി യില്‍ സം‌ഘടിപ്പിക്കപ്പെട്ട സൗഹൃദ സദസ്സില്‍ നാസര്‍ വേളം പ്രാരം‌ഭം കുറിച്ചു.

ശേഷം സം‌ഗമം കണ്‍‌വീനര്‍ അസീസ്‌ മഞ്ഞിയിലിന്റെ സൗഹൃദ മൊഴിയായിരുന്നു.ചുട്ടു പൊള്ളുന്ന വേനല്‍ ചൂടില്‍ വെന്തുരുകിയിട്ടും ഈ നട്ടുച്ച നേരത്ത് സൗഹൃദത്തിന്റ് കുളിര്‍ തെന്നല്‍ തേടി വന്നത് ചെറിയ കാര്യമല്ല.വലിയ മനസ്സുള്ളവര്‍‌ക്കേ ഇതിനു കഴിയുകയുള്ളൂ  വളര്‍‌ന്നു വരുന്ന തലമുറയിലെ കുട്ടികള്‍ തങ്ങളുടേതുമാത്രമായ തീരങ്ങളിലും  തുരുത്തുകളിലുമാണ്‌ സൗഹൃദങ്ങള്‍ പങ്കിടുന്നത്‌.പഴയ കളിപ്പറമ്പില്‍ പുതിയ രമ്യഹര്‍മ്മങ്ങളുയര്‍ന്നിരിക്കുന്നു.തണല്‍ മരം വെട്ടി മാറ്റപ്പെട്ടിരിക്കുന്നു.ഓലമേഞ്ഞ ഓത്തുപള്ളി വലിയ കെട്ടിടമായി മാറിയിരിക്കുന്നു.കെട്ടി ഉയര്‍ത്തപ്പെട്ട മതിലും മറയും വന്നിരിക്കുന്നു.അവിടെയാണ്‌ മുഹമ്മ്ദുമാരുടെ സദസ്സ്‌.തൊട്ടപുറത്തെ കാലഹരണപ്പെടാറായി നിന്നിരുന്ന വഴിയമ്പലം പുനരുദ്ധരിച്ചിരിച്ച്‌ ചുറ്റുമതില്‍ കെട്ടി ഭദ്രമാക്കിയിരിക്കുന്നു.മുരളീധരന്മാരുടെ താവളം അവിടെയാണ്‌.മറ്റൊരുകൂട്ടര്‍ കുരിശുപള്ളി പരിസരത്താണ്‌ ഒത്തുകൂടുന്നത്‌.സമൂഹങ്ങള്‍ക്കിടയില്‍ വലിയ മതിലുകള്‍ രൂപം പൂണ്ടിരിക്കുന്നു.ആത്മീയ ഹാവ ഭാവങ്ങളുടെ മത്സരത്തട്ടകങ്ങളും വിവിധ ദര്‍‌ശനങ്ങള്‍ തമ്മിലുള്ള അനാരോഗ്യകരമായ വീറും വാശിയും  ആയിരിക്കണം ഈ ദയനീയാവസ്ഥയുടെ കാരണമെന്ന്‌ പറയപ്പെടുന്നു.പത്രവാര്‍ത്തകള്‍ പോലും ഒരുമിച്ചിരുന്ന്‌ വായിക്കാന്‍ പറ്റാത്തവിധം സമൂഹങ്ങള്‍ക്കിടയില്‍ വിള്ളലുകള്‍ വീണിരിക്കുന്നു.
ഈ വരണ്ടുണങ്ങിയ തീരത്ത് ഈ സം‌ഗമം പ്രസക്തമാകുന്നു.മഞ്ഞിയില്‍ വിരാമമിട്ടു.

നന്മയുടെ പൂമരങ്ങളുടെ തണലും സുഗന്ധവും തേടി കടുത്ത വേനലിനെ വകവെയ്‌ക്കാതെ സം‌ഗമത്തിന്റെ ഭാഗമാകാന്‍ മനസ്സ്‌ വെച്ച സഹൃദയരെ മുക്തകണ്ഠം പ്രശം‌സിച്ചു കൊണ്ടായിരുന്നു സി.ഐ.സി ദോഹ സോണ്‍ ആക്‌റ്റിങ് പ്രസിഡന്റ് കെ.ടി അബ്‌ദുല്ലയുടെ സന്ദേശം തുടങ്ങിയത്.പൊയ്‌പോയ കാലങ്ങളിലെ വഴിയടയാളങ്ങള്‍ നന്മയുടെ വഴിയിലേയ്‌ക്കുള്ള സൂചകങ്ങളും സൂചനകളുമത്രെ.

ഈ സമൂഹ ഗാത്രത്തില്‍ പടര്‍‌ന്നു പിടിച്ചു കൊണ്ടിരിക്കുന്ന അസഹിഷ്‌ണുതയുടെ ജ്വരം ഏറെ അപകടകരമാം വിധം വളര്‍‌ന്നിരിക്കുന്നു.പ്രതീക്ഷകളുടെ കൊച്ചു കൊച്ചു തുരുത്തുകള്‍ പോലും പ്രളയം വിഴുങ്ങാന്‍ പോകുന്ന പ്രതീതി.

ചിരുതയുടെ മുലപ്പാല്‍ കുടിച്ച്‌ വളര്‍‌ന്നവനാണെന്നു വികാരാധീനനായി സമൂഹത്തോട്‌ ആത്മാഭിമാനത്തോടെ വിളിച്ചു പറഞ്ഞ പണ്ഡിത കേസരികളുടെ നാടാണ്‌ കേരളം.പാലൂട്ടിയ അമ്മയുടെ ഇതര ധര്‍മ്മധാരയിലെ മകള്‍ തന്റെ പൊന്നു പെങ്ങളാണെന്നു പറയുന്നതില്‍ അശേഷം ശങ്ക തോന്നാത്ത വലിയ മനസ്സുള്ളവരുടെ സ്വപ്‌ന ഭൂമിക.ഈ സ്വപ്‌ന ഭൂമിയും ഭൂമികയും അക്ഷരാര്‍‌ഥത്തില്‍ തകിടം മറിഞ്ഞിരിക്കുന്നു.വഴികാട്ടികള്‍ തന്നെ വഴി കേടിലായ കാലത്ത് പ്രതീക്ഷാ നിര്‍‌ഭരമായ പ്രാര്‍ഥനാ നിരതമായ മനസ്സോടെ നമുക്ക്‌ ഒരുമിച്ചിരിക്കാം സൗഹൃദം പങ്കുവെക്കാം.അനിര്‍വചനീയമായ ഈ അനുഭൂതി സഹൃദയര്‍‌ക്ക്‌ പങ്ക്‌ വെക്കാം.കെ.ടി സം‌ക്ഷിപ്‌തമായി പറഞ്ഞു നിര്‍ത്തി.

അമ്മമാര്‍‌ക്ക്‌ വേണ്ടി സമര്‍‌പ്പിച്ച ഒരു കവിതയായിരുന്നു പിന്നീട്‌ അവതരിപ്പിക്കപ്പെട്ടത്.നാസര്‍ സാഹിബിന്റെ പാരായണം അതീവ ഹൃദ്യമായിരുന്നു.

ഫത്തീലിന്റെ അറബിക് ഗാനവും കൊച്ചു ഗായകന്റെ ചരിത്ര പാഠം ഒര്‍മ്മിപ്പിക്കുന്ന ഗാനവും സഹോദരന്റെ ലളിത ഗാനവും സദസ്സ്‌ സന്തോഷ പൂര്‍‌വ്വം സ്വീകരിച്ചു.

ജോണ്‍സണ്‍ വാകയില്‍,മനോജ്‌,ജീവന്‍ തുടങ്ങിയ സഹൃദയര്‍ വേദിയിലിരുന്നും സദസ്സിലിരുന്നും മനസ്സ്‌ തുറന്നു.ആധുനിക സൗകര്യങ്ങളുടെ കടന്നു കയറ്റം മനുഷ്യരെ കൂടുതല്‍ അകലം പാലിക്കത്തക്ക വിധം ദ്രുവങ്ങളിലെത്തിച്ചിരിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിരിക്കുന്നു.സാങ്കേതിക വിദ്യകളുടെ അതിപ്രസരം ഒരു സമൂഹത്തിന്‌ പ്രത്യക്ഷത്തില്‍ ഉപകാരപ്പെട്ടതായി തോന്നുന്നുവെങ്കിലും ഈ സംവിധാനം എല്ലാ അര്‍ഥത്തിലും ദുരുപയോഗം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത് നിഷേധിക്കാന്‍ സാധ്യമല്ല.പരസ്‌പരം പാലം പണിയുന്ന ഇത്തരം സൗഹൃദ സം‌ഗമങ്ങള്‍ ശ്‌ളാഘനിയമാണെന്നും കാലഘട്ടത്തിന്റെ തേട്ടമാണെന്നും ചര്‍‌ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

വിവിധ ദര്‍‌ശനങ്ങളും വീക്ഷണങ്ങളും മനുഷ്യ നന്മയ്‌ക്കും പുരോഗതിയ്‌ക്കും വലിയ സം‌ഭാവനകള്‍ നല്‍‌കുന്നവയാണ്‌.വിദ്വം‌സക സം‌ഘങ്ങളും ദുഷ്‌ടലാക്കോടെ പ്രവര്‍‌ത്തന നിരതരായ അധര്‍‌മ്മകാരികളും ഉറഞ്ഞു തുള്ളുന്ന കാലമാണിത്.ധര്‍‌മ്മങ്ങളുടെ യഥാര്‍‌ഥ ആഹ്വാനത്തിന്‌ കടകവിരുദ്ധമായ കല്‍‌പനകള്‍ നടത്തി സാധുജനങ്ങളെ കബളിപ്പിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന ദുരവസ്ഥയ്‌ക്ക് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നു.ധര്‍‌മ്മങ്ങളിലേയ്‌ക്ക്‌ സമൂഹത്തെ തിരിച്ചു നടത്തണം.ധര്‍‌മ്മ നിരാസമാണ്‌ ഈ കാലുഷ്യാന്തരീക്ഷത്തിന്റെ യഥാര്‍ഥ ശത്രു.കണ്ണടച്ച്‌ നിരാകരിച്ച ധര്‍‌മ്മങ്ങളിലേയ്‌ക്ക്‌ ആത്മാര്‍‌ഥമായി കടന്നു വരുന്നതോടെ ഈ ജീര്‍‌ണ്ണാവസ്ഥയ്ക്ക്‌ സമൂലമായ മാറ്റം സം‌ഭവിക്കും.പ്രതീക്ഷകളെ പൊലിപ്പിച്ചുകൊണ്ട്‌ സ്വലാഹുദ്ദീന്‍ ചെരാവള്ളി ഉപസം‌ഹരിച്ചു.

നൗഫല്‍ വി.കെ,സാബിര്‍ ഓമശ്ശേരി,സബക് സാഹിബ്‌ എന്നിവര്‍ നേതൃത്വം നല്‍‌കി.

1.45 ന്‌ തുടങ്ങിയ സദസ്സ്‌ 2.45 ന്‌ സമാപിച്ചു. ഉച്ചക്ക്‌ 12.45 ന്‌ ഭക്ഷണം വിളമ്പിത്തുടങ്ങിയിരുന്നു.ഒരു മണിക്കൂര്‍ ഭക്ഷണത്തിനും ഒരു മണിക്കൂര്‍ സൗഹൃദ സസ്സിനും എന്ന അജണ്ട കൃത്യമായി പാലിക്കാനായതില്‍ ദോഹ സോണ്‍ സെക്രട്ടറി വി.കെ നൗഫല്‍ സന്തുഷ്‌ടി രേഖപെടുത്തി.

Sunday, July 1, 2018

ചിത്ര വര്‍‌ഷങ്ങള്‍

ഹൃദയാവര്‍‌ജ്ജകമായ ഒരു കലാ വിരുന്ന്‌. അരങ്ങിലും അണിയറയിലും പ്രവര്‍‌ത്തിച്ചവര്‍ അഭിനന്ദനം അര്‍‌ഹിക്കുന്നു.മാധ്യമം ഒരുക്കിയ ചിത്ര വര്‍‌ഷങ്ങള്‍ പ്രവാസ കലാ ലോകത്തെ ഒരു അടയാളപ്പെടുത്തലായിരുന്നു..സം‌ഘാടനത്തിലും സംവിധാനത്തിലും അവതരണത്തിലും വ്യതിരിക്ത അവകാശപ്പെടാനാകുന്നതിലുപരി നല്ലൊരു ശതമാനം ഉയര്‍‌ന്ന നിലവാരമുള്ള ആസ്വാദക വൃന്ദം എന്ന പ്രത്യേകത വിശേഷാല്‍ എടുത്തുദ്ധരിക്കാതെ തരമില്ല.

വളരെ സാന്ദര്‍‌ഭികമായി ഒരു കാര്യം കൂടെ പങ്കുവെക്കട്ടെ.ചിത്രച്ചേച്ചിയുടെ അനുഭവങ്ങളുമായി ബന്ധപ്പെട്ട മറുപടിക്ക്‌ പ്രതികരണമായി അവതാരകന്‍ പറഞ്ഞു."കൃഷ്‌ണനായാലും,ബുദ്ധനായാലും,യേശുവായാലും,അല്ലാഹുവായാലും എല്ലാം ദൈവ കീര്‍‌ത്തനം...."അഥവ അല്ലാഹു എന്നാല്‍ പ്രവാചകനൊ,പരിവ്രാചകനൊ,അവതാര പുരുഷനൊ ഒക്കെയായിരിയ്‌ക്കും എന്ന ധാരണയാണ്‌ ഇവിടെ അരക്കിട്ടുറപ്പിക്കപ്പെടുന്നത്.ചുരുക്കത്തില്‍ സമൂഹത്തിലെ സിംഹ ഭാഗം വിദ്യാസമ്പന്നരുടെ പോലും ഇസ്‌ലാമിലെ ദൈവ വിശ്വാസത്തെ കുറിച്ചുള്ള സങ്കല്‍‌പം ഏറെ വിചിത്രമാണ്‌ എന്നു സാരം .ഇതു തിരുത്തപ്പെടേണ്ടതത്രെ.

ഈശ്വര്‍,ഖുദാ,ഗോഡ്‌, സുരിയാനി ഭാഷയിലെ യഹോവ എന്നിത്യാദി പ്രയോഗങ്ങളുടെ അറബി ഭാഷാന്തരം മാത്രമാണ്‌ അല്ലാഹു.അല്ലാതെ ഒരു മുസ്‌ലിം ദൈവത്തെ പ്രതിനിധാനം ചെയ്യുന്ന പദമല്ല.വേദങ്ങളുടെ ഒക്കെ അറബി ഭാഷാന്തരത്തില്‍ ഈശ്വര്‍ എന്നതിന്റെ തര്‍‌ജ്ജുമ അല്ലാഹു എന്നു കാണാവുന്നതാണ്‌.അറബി ബൈബിളിലും അങ്ങിനെ തന്നെ.

ഇസ്‌ലാം എന്ന ദര്‍‌ശനത്തെ കുറിച്ചും അതുള്‍‌കൊള്ളുന്ന മുസ്‌ലിമിനെ കുറിച്ചും പൊതു സമൂഹത്തിലുള്ള തെറ്റിദ്ധാരണകളുടെ ആഴം അളക്കാനാകുകയില്ല.ദൈവം അനുഗ്രഹിക്കുമാറാകട്ടെ.
ഒരിക്കല്‍ കൂടെ അഭിനന്ദനങ്ങളോടെ...

അസീസ്‌ മഞ്ഞിയില്‍..

Thursday, June 28, 2018

സ്‌നേഹ സം‌ഗീതത്തിന്റെ സോപാനത്തില്‍

കലാ സാഹിത്യ സം‌ഗീത മേഖലകൾ പോലും ജാതി മത വര്‍‌ണ്ണാവര്‍‌ണ്ണ വൃത്തങ്ങളില്‍ തളച്ചിടപ്പെടുന്ന കാലത്ത് ആസ്വാദക ലോകം എന്ന ഏക പ്രതലത്തിലേയ്‌ക്ക്‌ ഇവയെല്ലാം എഴുന്നള്ളിക്കപ്പെടണമെന്ന മോഹം സൂക്ഷിക്കുകയും അതിന്നായി തന്നാലാവുന്ന വിധം പ്രവര്‍‌ത്തിക്കുകയും ചെയ്യുന്നുവെന്ന് സോപാന സംഗീത കുലപതി ഞരളത്ത് ഹരി ഗോവിന്ദന്‍ പറഞ്ഞു.

ഡയലോഗ്‌ സെന്റര്‍ ഖത്തര്‍ ഒരുക്കിയ ഈദ് സൗഹൃദ സദസ്സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ക്ഷേത്ര കലകള്‍ ക്ഷേത്രേതര കലകള്‍ അതുമല്ലെങ്കില്‍ ദൈവദത്ത കലകള്‍ ദൈവേതര കലകള്‍ എന്നതൊക്കെ ചില സ്വാര്‍‌ഥന്മാരുടെ ജല്‍‌പനങ്ങളാണ്‌.സവര്‍‌ണ്ണന്റെ അപ്രമാദിത്വത്തെ പ്രതിഷ്‌ഠിച്ചെടുക്കുന്നതിന്റെ ഭാഗമായി നടമാടപ്പെട്ട അധര്‍‌മ്മങ്ങളുടേയും അതിക്രമങ്ങളുടേയും ഉച്ചകോടിയിലാണ്‌ ഇന്നു ഭാരതം.കല സിദ്ധിയാണ്‌.ഈ സിദ്ധി പ്രസരിക്കപ്പെടുകയും പ്രതിഫലിക്കപ്പെടുകയും വേണം.സഹൃദയരുടെ ആസ്വാദനത്തിന്‌ തടയിടപ്പെടുന്ന പ്രവണത പൈശാചികമത്രെ.ഈ പൈശാചികതയെ അലങ്കരിച്ചാനയിപ്പിക്കുന്ന കുതന്ത്രങ്ങളില്‍ കുറേ നിഷ്‌കളങ്കരായ പൊതു സമൂഹം വശം വദരായിക്കൊണ്ടിരിക്കുന്നു എന്നതും യാഥാര്‍‌ഥ്യമാണ്‌. വിഷലിപ്‌തമായ ലോകത്ത്‌ സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റെ സോപാന സം‌ഗീത വര്‍‌ഷം കൊണ്ട്‌  വിമലികരിക്കുമാറാകട്ടെ.ഹരി ഗോവിന്ദന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഗോക്കളെ മഹത്വ വല്‍‌കരിച്ച് മനുഷ്യനെ ചുട്ടുകൊല്ലുന്നവര്‍ കൊട്ടിപ്പടുന്ന വാദ്യോപകരണങ്ങള്‍ അധികവും ഗോക്കളുടെ തോലുപയോഗിച്ചാണെന്ന സാമാന്യ ബുദ്ധിപോലും പണയപ്പെടുത്തപ്പെട്ട ലോകത്ത് പ്രതീക്ഷകള്‍ മുളപ്പിക്കാനുള്ള ശ്രമത്തോളം മഹത്തരമായ ദൗത്യം ഇല്ലന്നതത്രെ പരമാര്‍‌ഥം..

താളലയ സം‌ഗീതാത്മകമായ ലോകത്തിനും ലോകര്‍ക്കും താളാത്മകമായ ജീവിത ക്രമം കാലങ്ങളായി അവതരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.ഈ മനോഹരമായ ജീവിതക്രമത്തെ ജീവിതത്തോട്‌ ചേര്‍‌ത്തു പിടിക്കാനുള്ള സര്‍‌ഗാത്മകമായ സാധനയും ശ്രമങ്ങളുമായിരിക്കണം പാളം തെറ്റിയ വര്‍‌ത്തമാന ലോകത്തിന്‌ അഭികാമ്യം.

ഹമദ്‌ അബ്‌ദു റഹിമാന്‍ അധ്യക്ഷത വഹിച്ച പരിപാടിയിൽ സോമൻ പൂക്കാട് കൃഷണൻ, മഞ്ഞിയിൽ അബ്ദുൽ അസീസ് ,  റഫീഖ് എന്നിവർ ആശംസകൾ നേർന്നു.  മുഹമ്മദ്‌ ഷബീര്‍ സ്വാഗതം  പറഞ്ഞു.


Friday, June 15, 2018

സൗഹാര്‍‌ദ്ദത്തിന്റെ ആഘോഷം

ദോഹ:സഹനത്തിന്റെ സഹാനുഭൂതിയുടെ സന്തോഷത്തിന്റെ സൗഹാര്‍‌ദ്ദത്തിന്റെ ആഘോഷമാണ്‌ പെരുന്നാള്‍.കരുണയുടെയും കണ്ണിചേര്‍ക്കലിന്റേയും ഗുണകാം‌ക്ഷയുടെയും മഹിതമായ പാഠമുള്‍‌കൊള്ളുന്ന സുദിനമാണ്‌ പെരുന്നാള്‍.നിശ്ചയ ദാര്‍‌ഢ്യത്തോടെ ദൈവ നിശ്ചയത്തെ നെഞ്ചേറ്റി സം‌സ്‌കരണത്തിന്‌ വിധേയമായി പുതിയ പുലരിയില്‍ ദൈവത്തെ കീര്‍‌ത്തിച്ച്‌ സായൂജ്യമടയുന്ന സുദിനം.സഹജരെ കുറിച്ചോര്‍‌ക്കുന്ന അവരുടെ സുഖ ദുഃഖങ്ങളില്‍ പങ്കു ചേരുന്ന ഉന്നതമായ സം‌സ്‌കാരം പ്രോജ്ജ്വലമാകുന്ന സുദിനം.

ഒരു ദിവസത്തെ ജീവിത വിഭവങ്ങള്‍ക്ക് പ്രാപ്‌തിയുള്ള ഓരോ വിശ്വാസിയും പാവപ്പെട്ടവരുടെയും അഗതികളുടെയും അശരണരുടെയും കാര്യത്തില്‍ ചിന്തിക്കാനും പ്രവര്‍‌ത്തിക്കാനും ഫിത്വര്‍ സകാത്ത് എന്ന കര്‍‌മ്മത്തിലൂടെ പ്രചോദനം ചെയ്യുന്ന മഹനീയമായ ദിനം.ഒരു സംസ്‌കാരത്തിന്റെ സംസ്‌കൃതിയുടെ സൗന്ദര്യത്തെ അതി മനോഹരമായി പ്രതിഫലിപ്പിക്കുന്ന ദിനം.ഖത്വീബ്‌ ഓര്‍മ്മിപ്പിച്ചു.

ദോഹ സ്‌റ്റേഡിയം ഈദ്‌ ഗാഹില്‍ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പെരുന്നാള്‍ ഖുതുബ നിര്‍വഹിക്കുകയായിരുന്നു ഇമാം.

പോരാട്ടങ്ങളുടെയും ഒപ്പം വിജയാരവത്തിന്റെ ചരിത്രമുള്ള റമദാനിന്റെ പരിസമാപ്‌തിയിലാണ്‌ വിശ്വാസികള്‍.ഉപരോധങ്ങളും ഒപ്പം പ്രതിരോധങ്ങളും വീര ഗാഥകളും കൊണ്ട്‌ ചരിത്രം സൃഷ്‌ടിച്ച റമദാനില്‍ പഴയകാല ചരിത്ര ദുഃഖ സത്യങ്ങളെ ഓര്‍‌മ്മിപ്പിക്കും വിധമുള്ള സം‌ഭവങ്ങളുടെ ആവര്‍‌ത്തനങ്ങള്‍‌ക്ക്‌ ഈ കൊച്ചു രാജ്യം സാക്ഷിയായി.ഒരു വര്‍‌ഷം കഴിഞ്ഞിട്ടും അവസാനിക്കാത്ത അയല്‍ രാജ്യങ്ങളുടെ ഉപരോധത്തെ സര്‍‌ഗാത്മകമായി അതിജീവിക്കാനും അതിജയിക്കാനും നാഥന്റെ അനുഗ്രഹത്താല്‍ സാധിച്ചതിലുള്ള സന്തോഷവും ഈ പെരുന്നാല്‍ ദിനത്തില്‍ പങ്കുവെക്കാം.ദൈവത്തില്‍ ഭരമേല്‍പ്പിച്ച്‌ പ്രാര്‍‌ഥനാ നിര്‍‌ഭരമായ സമര്‍പ്പണ മനസ്സോടെ ദൈവത്തെ പ്രകീര്‍‌ത്തിക്കാം.ഒരു മാസത്തെ ശിക്ഷണ കാലത്ത് കാച്ചിയെടുത്ത വിശ്വാസ ദാര്‍‌ഢ്യത്തിന്റെ പരിപ്രേക്ഷ്യത്തില്‍ നിന്നു കൊണ്ട്‌ രൂപപ്പെടുത്തിയ വിഭാവനകളെ നാഥന്‍ വിജയിപ്പിച്ചു തരുമാറാകട്ടെ.ഹൃദയാവര്‍‌ജ്ജകമായ പ്രാര്‍‌ഥനയോടെ വളരെ സം‌ക്ഷിപ്‌തമായി ഇമാം വിശദീകരിച്ചു.

കാലത്ത് 04.58 നായിരുന്നു പെരുന്നാള്‍ നമസ്‌കാരം ആരം‌ഭിച്ചത്.വിവിധ ദേശ ഭാഷക്കാര്‍ തിങ്ങി നിറഞ്ഞ ഈദ്‌ ഗാഹില്‍ മലയാള പരിഭാഷ നിര്‍വഹിക്കുന്ന വിവരം മുന്‍ കൂട്ടി അറിയിച്ചിട്ടുണ്ടായിരുന്നു.സ്‌ത്രീകള്‍‌ക്ക്‌ പ്രത്യേക സൗകര്യവും ഖത്തര്‍ മതകാര്യ വകുപ്പ്‌ ഒരുക്കിയിരുന്നു.

അറബി ഖുത്വുബയുടെ വിവര്‍‌ത്തനം പി.പി.എ. റഹീം നിര്‍‌വഹിച്ചു.