Thursday, August 7, 2014

സയണിസ്റ്റ് ചുമരുകള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍

ഫാഷിസ്റ്റ് ചേരികളുടെ ഏറ്റവും ശക്തമായ ആയുധം മാരകമായ നാശനഷ്ടങ്ങള്‍ വിതയ്ക്കുന്ന യുദ്ധസാമഗ്രികള്‍  മാത്രമല്ല. ആഗോള ശൃംഖലകളാല്‍ സമ്പന്നമായ മാധ്യമപ്പടയും അവരുടെ പ്രചരണ സന്നാഹങ്ങളുമാണ്. മണിമണിയായി പച്ച നുണകള്‍ പടച്ചുണ്ടാക്കുന്ന പടിഞ്ഞാറന്‍ മാധ്യമ ഭീമനും അതേറ്റുപിടിക്കുന്ന മാധ്യമലോകവും വരിയൊപ്പിച്ചും സ്വരമൊപ്പിച്ചും ചേര്‍ത്തുവെയ്ക്കുന്ന അക്ഷരങ്ങളെ വള്ളി പുള്ളിതെറ്റാതെ പകര്‍ത്തിത്തന്നിരുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങിയിരുന്ന കാലത്തിന് മാറ്റം സംഭവിച്ചിരിക്കുന്നു. ലോകത്തിന്റെ ഏതുകോണില്‍ നടക്കുന്ന സംഭവങ്ങളും ചൂടാറും മുമ്പ് യഥാര്‍ഥ ഉറവിടത്തില്‍ നിന്ന് ലോകരുടെ കൈകളിലെ സാങ്കേതികോപകരണങ്ങളില്‍ തെളിയാന്‍ തുടങ്ങിയിരിക്കുന്നു. മദംപൊട്ടിയ ഫാഷിസ്റ്റ് സേനകളുടെ പേകൂത്തുകള്‍ മറച്ചുവെക്കാന്‍ പറ്റാത്തവിധം പ്രസരിക്കപ്പെട്ടപ്പോള്‍ കടുത്ത പാറക്കെട്ടുകളിലും കനിവിന്റെ ഉറവപൊട്ടി.

ബി.ബിസി തത്തമ്മകളുടെ താളം പിഴച്ചിരിക്കുന്നു. രക്ഷാസമിതി കുയിലുകളുടെ കണ്ഠമിടറിയിരിക്കുന്നു. തങ്ങളൊരുക്കിയ ടൈംലൈന്‍ ചുമരുകള്‍  തങ്ങള്‍ക്ക് നേരെ തിരിഞ്ഞു നില്‍ക്കുന്ന സാക്ഷാല്‍ വാളുകളായി എന്നതത്രെ സത്യം. ഈ ധര്‍മ്മ സങ്കടക്കയത്തില്‍ നിന്നും രക്ഷനേടാനുള്ള ഫാഷിസ്റ്റ് കുതന്ത്രങ്ങള്‍ തിരിച്ചറിയണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് അന്‍വര്‍ സഈദ്, മഞ്ചേരി

അതി ക്രൂരമായ നരനായാട്ട് നടത്തിക്കൊണ്ടിരിക്കെ ഇസ്രായേലിനെ തെല്ലെങ്കിലും അലോസരപ്പെടുത്തിയത് അതി ശക്തമായ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ (പ്രധാനമായും ഫേസ് ബുക്ക്) ലോക തലത്തില്‍ സൃഷ്ടിച്ച പ്രതിഷേധങ്ങളായിരുന്നു.

മുന്‍കാലങ്ങളില്‍ യാങ്കി സയണിസ്റ്റ് നിയന്ത്രിത പരമ്പരാഗത പ്രിന്റ്/ഇലക്ട്രോണിക് മീഡിയകളിലൂടെ മാത്രം, അസത്യവും അര്‍ധസത്യവും ചേര്‍ന്ന വിവരങ്ങളെ വാര്‍ത്തകളായി ഉള്‍കൊണ്ടിരുന്നവരുടെ അകക്കണ്ണ് തുറപ്പിച്ച്ചത്, ഫേസ് ബുക്ക്/ട്വിറ്റര്‍/വാട്‌സ് ആപ്പ് തുടങ്ങിയവയിലൂടെ പ്രവഹിച്ച സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളുമായിരുന്നു. ലോക മാധ്യമ തമ്പുരാക്കളെയും യാങ്കി സയണിസ്റ്റ് ഭീകരരെയും ഇത് തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയിട്ടുണ്ടാവുക.

അത് കൊണ്ട് തന്നെയാവണം ഇസ്രയേല്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി, 'സയണിസ്റ്റ് ഉടമസ്ഥതയിലുള്ള' ഫേസ് ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയവയെ ബഹിഷ്‌കരിക്കുക, അക്കൗണ്‍ട് ഡി ആക്ടിവേറ്റ് ചെയ്യുക തുടങ്ങിയ പ്രചരണങ്ങളിലൂടെ നമ്മുടെ ആയുധം നമ്മെക്കൊണ്ട് തന്നെ താഴെയിടുവിക്കാനുള്ള തന്ത്രങ്ങള്‍ അവര്‍ മെനയുന്നത്.
............................................
പള്ളിയുറക്കം കഴിഞ്ഞുണര്‍ന്ന തിരുമനസ്സിന്റെ തിരുവരുളിലെ സാംഗത്യത്തെക്കുറിച്ച് ഒട്ടേറെ പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.തൂക്കമൊപ്പിച്ച അരുളപ്പാടിലെ തിരിയായ്മയെക്കുറിച്ചാണ് ശഫീഖിന്റെ ടൈം ലൈനിലെ പരാമര്‍ശം.

പള്ളിയുറക്കം കഴിഞ്ഞു തിരുമനസ്സ് എന്തൊക്കെയോ അരുള്‍ ചെയ്തിരിക്കുന്നു. എന്നിട്ടും തിരുനാവിലെ തിരുമൊഴികളില്‍ ഒരു തിരിയായ്മ. ഈ ലോകരാജ്യങ്ങളുടെ ഭൂപടത്തില്‍ അങ്ങയുടെ സാമ്രാജ്യം ഇന്നലെ പെട്ടെന്ന് വരച്ചു ചേര്‍ത്തതാണോ എന്ന് അടിയന് ഒരു സംശയം. തിരുത്രാസില്‍ തൂക്കമൊപ്പിച്ചുള്ള തിരുവചനങ്ങള്‍ ആരെ തൃപ്തിപ്പെടുത്താനാണെന്നത് മാത്രമാണ് 'വ്യക്തമായ' കാര്യം. അടിയനോട് പൊറുക്കണം, തിരുവുള്ളക്കേട് തോന്നരുത്.

ഈ കുറിപ്പിന് അബൂബക്കര്‍ നല്‍കിയ പ്രതികരണവും ചേര്‍ത്തുവായിക്കുക.

സ്ഥലരാശിയുടെ ഇരുള്‍പ്പരപ്പുകളിലെവിടെയോ അസാധാരണമായ നക്ഷത്രങ്ങളുദിച്ചു, ധര്‍മ്മപുരിയുടെ ഭരണാധികാരിയായ പ്രജാപതിയെ നക്ഷത്രങ്ങളുടെ ഈ സൂചന അസ്വസ്ഥനാക്കി. ഭയം അയാളുടെ കുടലുകളെ ഞെരിച്ചതോടെ 'പ്രജാപതിയ്ക്ക് ........'

പ്രജാപതിയുടെ അസമയത്തെ വിസര്‍ജ്ജനവും അതിന്റെ ചട്ടവട്ടങ്ങളും വലിയ വാര്‍ത്തയായി. അയാളുടെ വിസര്‍ജ്ജ്യം പാദസേവകര്‍ക്കും, ഭരണകക്ഷിയായ ആധ്യാത്മകക്ഷിക്കാര്‍ക്കും, നാട്ടുകാരായ പത്രലേഖകര്‍ക്കും, വിശിഷ്ടഭോജ്യമായിരുന്നു. വിദേശലേഖകരും, വന്‍ശക്തികളായ താര്‍ത്താരിക്കുടിയരശിലേയും വെള്ള സംയുക്തനാടുകളിലേയും നയതന്ത്രപ്രതിനിധികളും നേതാക്കന്മാരും അതിന്റെ വൈശിഷ്ട്യം അംഗീകരിച്ചു.
............................................
സസ്യബുക്കുകളുടെ പച്ചമാംസ പ്രിയത്തെക്കുറിച്ച് കടമ്മനിട്ട ഒരിക്കല്‍ പാടിയിരുന്നു. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ മാംസബുക്കുകളുടെ രക്തദാഹത്തെക്കുറിച്ചും ഇന്ന് പാടുമായിരുന്നു.

വിഷപ്പാമ്പുകളെ പ്രസവിക്കുന്ന ഉമ്മമാരെയാണ് ലക്ഷ്യം വെക്കുന്നതെന്ന് ആര്‍ത്തട്ടഹസിക്കുന്ന കൊടും ഭീകരരുടെ താണ്ധവത്തില്‍ ഖബറിലേയ്ക്ക് ജനിച്ചു വീഴുന്ന കുഞ്ഞിനൊരു താരാട്ട് പാട്ട് തെരയുകയാണ് ലുഖ്‌മാന്‍ .

നീതിയെക്കുറിച്ചും സ്വാതന്ത്രത്തെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും എഴുതുന്നവരേ...
മൃദുലവും പ്രസാദാത്മകവുമായ വാക്കുകളെ ഉപേക്ഷിച്ച്
കൊട്ടാരങ്ങളില്‍ നിന്ന് പുറത്തിറങ്ങൂ..
ഖബറിലേക്ക് ജനിച്ചുവീഴുന്ന കുഞ്ഞിനൊരു
താരാട്ടുപാട്ട് വേണം...
............................................
അരുന്ധതിയുടെ വിവാദ പരാമര്‍ശത്തിനു ശേഷം മഹാത്മാഗാന്ധി വിമര്‍ശനത്തിന് അതീതനാണോ? എന്ന ചര്‍ച്ച മാധ്യമങ്ങളില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഗാന്ധി ഭക്തന്മാര്‍ എന്ന് പറയപ്പെടുന്നവരോളം ഗാന്ധിയെ പരിഹസിച്ചിട്ടില്ല ഒരു അരുന്ധതിയും എന്നാണ് ഷാഫി കോയമ്മയുടെ പോസ്റ്റ്.

ഗാന്ധി ഫോട്ടോക്ക് മാലയിട്ട്
ഗാന്ധി നോട്ടിനെ പൂജിച്ച്
ഖദറു ഗാന്ധിത്തലയന്മാരോളം
ഗാന്ധിയെ പരിഹസിച്ചിട്ടില്ല...
ഒരു അരുന്ധതി റോയിയും...

ഇസ്‌ലാം ഓണ്‍ ലൈവിന്‌വേണ്ടി

Related Posts:

  • വര്‍ണ്ണ വൈവിധ്യങ്ങളുടെ കൊടിയടയാളം  വര്‍ണ്ണ വൈവിധ്യങ്ങളുടെ ഭാരതത്തിന്റെ മഹിതമായ സംസ്‌കാരം വിളിച്ചോതുന്ന കൊടിയടയാളത്തിനു കീഴില്‍ വര്‍ണ്ണ വെറിയന്മാര്‍ തക്കം പാര്‍ത്തിരുന്ന്‌ പതിയൊരുക്കി… Read More
  • ഈ പേറ്റുനോവ്‌ അനിവാര്യമായിരിക്കാം ഓണ്‍ ലൈനിലും ഓഫ്‌ലൈനിലും ലോക സഭാ തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും അനുഭവവേദ്യമാകുന്നുണ്ട്. ഇന്റര്‍നെറ്റിന് വ്യാപകമായ പ്രചാരം നേടിയതിനുശേഷമുള്ള ആദ്യത്തെ… Read More
  • കൃഷണ ഭക്തരും, ദുര്യോധന ദാസരും ഇസ്രാഈല്‍ അക്രമണത്തെ അപലപിക്കുന്ന പ്രമേയം  സര്‍ക്കാര്‍  കൊണ്ടുവരാത്ത സാഹചര്യത്തെ ഇതിഹാസങ്ങളിലെ സന്ദര്‍ഭങ്ങളുമായി കൂട്ടിവായിക്കുകയാണ പങ്ക… Read More
  • വികസനത്തിന്റെ ഇരകള്‍ തലതിരിഞ്ഞ വികസന വീക്ഷണങ്ങളെക്കുറിച്ചുള്ള ധാര്‍മ്മികരോഷം കുറിക്കുകയാണ് നിയാര്‍ വഴങ്ങാട്ടിലിന്റെ പോസ്റ്റും വികസനത്തിന്റെ ഇരകള്‍ എന്ന ചിത്രവും: 'നാ… Read More
  • ഏക്‌ ദിന്‍ കാ സുല്‍ത്താന്‍  പരസഹായമില്ലാതെ ഏറെ പ്രയാസപ്പെടുന്നവരെ തിരിഞ്ഞു നോക്കാന്‍ സമയമില്ലാത്ത സഹജരും, സമുഹവും .എന്നാല്‍ തെരഞ്ഞെടുപ്പ്‌ ദിവസം സ്ഥിതിഗതികള്‍ മാറിമറിയും .… Read More

0 comments:

Post a Comment

Note: Only a member of this blog may post a comment.