'കാണാത്ത കേരളമെന്ന' വീഡിയൊ ക്ലിപ്പ് സോഷ്യല്‍ മീഡിയകളില്‍ ലൈക്കുകളും ഷെയറുകളും കൊണ്ട് സമ്പന്നമായിരുന്നു. സംസ്‌കാര സമ്പന്നരെന്ന് അവകാശപ്പെടുന്ന സാംസ്‌കാരിക നഗരിയെന്ന ഖ്യാതിയുള്ള മധ്യ കേരളത്തിലെ ഒരു ജില്ലയെ അന്ധവിശ്വാസത്തിന്റെ തലസ്ഥാനം എന്നു നാമകരണം ചെയ്യാമെന്ന് ബുദ്ധിയുള്ളവര്‍ ചിന്തിച്ചുപോകുന്ന കാഴ്ചകളും വിശേഷങ്ങളുമായിരുന്നു പ്രസ്തുത പരിപാടിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രക്ഷേപണം ചെയ്തത്.
ദൈവ നിരാസത്തേക്കാള്‍ അപകടകരമത്രെ ബഹുദൈവ വിശ്വാസം. ബഹുദൈവവിശ്വാസത്തിന്റെ അനുബന്ധമെന്നോണം വളര്‍ന്നു പന്തലിക്കുന്ന അന്ധവിശ്വാസത്തിന്റെ പാര്‍ശ്വഫലങ്ങളാകട്ടെ വിവരണാതീതവും. ബഹുദൈവാരാധകരില്‍ ചിലര്‍ ഒരു പക്ഷെ ഇത്തരം വിഡ്ഡിവേഷങ്ങളുടെ മുമ്പില്‍ കുമ്പിടുന്നതും ഒരുവേള മുട്ടിലിഴയുന്നതും സര്‍വ സാധാരണമാണ്.
എന്നാല്‍ ശുദ്ധമായ ഏകദൈവ വിശ്വാസത്തില്‍ അടിയുറച്ചവരെന്ന് അവകാശപ്പെടുന്ന ഒരു മതവിഭാഗത്തില്‍ പെടുന്നവരാണ് ഈ ഇരുള്‍ മുറ്റിയ പടിപ്പുരമുറ്റത്ത് തട്ടത്തിന്‍ മറയത്തെ ഉറഞ്ഞാട്ടക്കാരെന്നതത്രെ ഏറെ ലജ്ജാകരം.
**********************************************************
മദ്യം വാങ്ങാന്‍ വരുന്നവരുടെ അച്ചടക്കവും അനുസരണവും സൗഹൃദവും പ്രസിദ്ധമത്രെ. അവരുടെ അനുസരണയോടെയുള്ള വരിയും നിരയും സോഷ്യല്‍ മീഡിയകള്‍ പങ്കുവയ്ക്കാറുണ്ട്. വിനാശത്തിലേയ്ക്കുള്ള വഴിയില്‍ ഇത്രമാന്യത കാത്തുസൂക്ഷിക്കാന്‍ കഴിയുന്നവരില്‍ നന്മയുടെ ഒരു ചെറുകണമെങ്കിലും ഇനിയും ശേഷിക്കുന്നുവെന്നതല്ലെ യാഥാര്‍ഥ്യം. ഔദ്യോഗിക അനൗദ്യോഗിക സംവിധാനങ്ങള്‍ ആത്മാര്‍ഥമായി കൈകോര്‍ത്തിറങ്ങിയാല്‍ സകല തിന്മകളുടേയും മാതാവെന്നറിയപ്പെടുന്ന ലഹരിയില്‍ നിന്നും രാജ്യത്തെ പൂര്‍ണ്ണമായും രക്ഷിച്ചെടുക്കാന്‍ സാധിക്കാതിരിക്കില്ല.
**********************************************************
ഇസ്‌ലാം മത വിശ്വാസികളുടെ ആരാധ്യനായി മാത്രം അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന കുത്തക മാധ്യമങ്ങളുടെ കുത്സിത ശ്രമം വിവര സാങ്കേതിക വിദ്യയുടെ പൂര്‍ണ്ണ വെളിച്ചത്തിലും നിര്‍ബാധം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഭാരതീയ ഭാഷയിലെ ഓം ഹിബ്രു ഭാഷയിലെ യഹോവ എന്നിങ്ങനെ ജഗന്നിയന്താവിനെ അറബി ഭാഷയില്‍ പറയുന്ന പദമാണ് അല്ലാഹു. അല്ലാതെ ഏതെങ്കിലും അവതാര പുരുഷന്മാരുടെയൊ പരിവ്രാചകന്മാരുടെയൊ പ്രവാചകന്മാരുടെയൊ പേരല്ല.
അറബി വംശജരായ ജൂത-ക്രൈസ്തവ വിഭാഗങ്ങള്‍ ദൈവം എന്നര്‍ഥത്തില്‍ അല്ലാഹു എന്നു തന്നെയാണ് പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. എന്തിനേറെ അറബികളായ അവിശ്വാസി സമൂഹവും അല്ലാഹു എന്നു തന്നെയാണ് വിളിച്ചു പോന്നിരുന്നത്. സാക്ഷാല്‍ ആരാധ്യനേയും ധര്‍മ്മത്തെയും പ്രബോധനം ചെയ്യാനെത്തിയ പ്രവാചകരും ദാര്‍ശനികരും ദൈവങ്ങളായി ആരാധിക്കപ്പെട്ടുന്ന സാഹചര്യത്തിലാണ് ദൈവങ്ങളും മതങ്ങളും ഉണ്ടാകുന്നത് .
അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നാല്‍ സാക്ഷാല്‍ ജഗദ്ഗുരുവിനെ മാത്രം ആരാധിക്കുക എന്നേ അര്‍ഥമുള്ളൂ, അല്ലാതെ ഒരു വിഭാഗത്തിന്റെ ആരാധ്യന്‍ എന്ന് അര്‍ഥമില്ല.
**********************************************************
അഭ്യന്തരവകുപ്പിന്റെ സത്യവാങ്മൂലവും അതിനെ തുടര്‍ന്നു ഓണ്‍ലൈനിലും ഓഫ്‌ലൈനിലും നടന്നുകൊണ്ടിരിക്കുന്ന ചര്‍വിത ചര്‍വണ വാഗ്വാദങ്ങളും ഇനിയും കെട്ടടങ്ങിയിട്ടില്ല.
കള്ളവും ചതിയുമില്ലാത്ത എള്ളോളം പോലും പൊളിയും പൊയ്‌വെടികളുമില്ലാത്ത ശാന്ത സുന്ദരമായ ലോകത്തെ ഏകോദര സഹോദര മാനവ സങ്കല്‍പത്തിന്റെ ഓര്‍മ്മത്തിരുനാള്‍ കൊണ്ടാടുന്ന പാരമ്പര്യം നമുക്കുണ്ട്. ഇവിടെ ഒരു സുവര്‍ണ്ണകാലത്തിന്റെ സാക്ഷാല്‍ക്കാരം സ്വപ്‌നമാക്കി തങ്ങളുടെ ദേശത്തിന്റെ നിയമപരിധി ലംഘിക്കാതെ ശാന്തിയുടേയും സമാധാനത്തിന്റേയും പാതയിലൂടെ തുറന്നു വെച്ച പുസ്തകം കണക്കെ പ്രവര്‍ത്തിക്കുന്ന ഒരു സംഘത്തിന്റെ മാനവിക മാനുഷിക സങ്കല്‍പങ്ങള്‍ ക്രൂശിക്കപ്പെടുന്നതെന്തുകൊണ്ട്? എന്നതത്രെ പ്രസക്തമായ ചോദ്യം.
ഇസ്‌ലാം ഓണ്‍ ലൈവ് നെറ്റുലകത്തിനുവേണ്ടി
ഇസ്‌ലാം ഓണ്‍ ലൈവ് നെറ്റുലകത്തിനുവേണ്ടി