Tuesday, October 7, 2014

കവിത കഥാവശേഷയായി

ഇന്ന് പലരും പത്രങ്ങള്‍ നോക്കുന്നത് പണ്ടേ ശീലിച്ചുപോയ  ശീലം മാറ്റാന്‍ കഴിയാത്തതുകൊണ്ട് മാത്രമായിരിക്കണം. അതുമല്ലെങ്കില്‍  വാര്‍ത്തകളെ പത്രങ്ങള്‍ അവതരിപ്പിച്ചതും അവമതിച്ചതും എങ്ങനെയെന്ന് അറിയാനും. എങ്ങനെ മറച്ചു വെച്ചാലും മറച്ച് വെക്കാനാകാത്ത ഇക്കാലത്തും മീഡിയകളുടെ ചിര പുരാതന സ്വഭാവത്തില്‍ മാറ്റമൊന്നും കണുന്നില്ല. നീതിക്ക് വേണ്ടി പൊരുതിയെന്നതായിരുന്നു ധീരനായ നിയമപാലകന്‍ ഹേമന്ത് കര്‍കരേയെ അനഭിമതനാക്കിയതെങ്കില്‍ അതേ പാതയില്‍ അന്ത്യം വരെ സുധീരം നിലകൊണ്ട് എന്നതായിരിക്കണം കവിത കര്‍കരേയുടെ കളങ്കം. കവിത കഥാവശേഷയായതറിഞ്ഞപ്പോള്‍  ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം ചില അപ്രിയ സത്യങ്ങളും ഓര്‍ത്തെടുക്കുകയാണ് റീന ഫിലിപ്. 

ഹേമന്ത് കര്‍കരേയുടെ പത്‌നി കവിത കര്‍കരേ അന്തരിച്ചു. പത്രങ്ങള്‍ അന്നും ഇന്നും വിഴുങ്ങിയ ഒരു കാര്യമുണ്ട്. മഹാരാഷ്ടയില്‍ എ.ടി.എസ് സ്‌ക്വാഡിന്റെ തലവനായിരുന്ന ഹേമന്ത് കര്‍കരേ മലേഗാവ് സ്‌ഫോടനത്തില്‍ സംഘികള്‍  ആസൂത്രണം ചെയ്തതാണ് എന്നത് തെളിവുകള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ അദ്ദേഹത്തെ നാര്‍കോ അനാലിസിസിനു വിധേയനാക്കണം എന്ന് അലറിയത് ബാല്‍താക്കറേ ആണ്. കൊല്ലപ്പെടുന്നതിനു ഒരാഴ്ച മുമ്പ് നല്‍കിയ അഭിമുഖത്തില്‍ ആരെ വേണമെങ്കില്‍ കസ്റ്റടിയിലെടുത്ത് ചോദ്യം  ചെയ്യാനുള്ള അധികാരം ഉണ്ടായിട്ടും ഒരു ഹിന്ദുവിനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് ഒരു വട്ടം, രണ്ടു വട്ടം, മൂന്നു വട്ടം ആലോചിക്കേണ്ട അവസ്ഥയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. 'സാംന' ഉള്‍പ്പെടെയുള്ള സംഘികളുടെ പ്രസിദ്ധീകരണങ്ങളില്‍ ഹേമന്ത് കര്‍കരേയുടെ ഉദ്ദേശ്യം ഹിന്ദുക്കളെ വേട്ടയാടുക എന്നതാണെന്ന് എഴുതുകയും മുംബൈയില്‍ ബന്ദിന് ആഹ്വാനം നല്‍കുകയും ചെയ്തിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ കൊലപാതകത്തിന് ശേഷം അവരുടെ ഭാവം മാറി.  അദ്ദേഹത്തെ 'രാജ്യദ്രോഹി ' എന്ന് വിളിച്ച മോഡിക്ക് മരിച്ചതിനു ശേഷം ആ വീട്ടില്‍ പോകാനും അദേഹത്തെ 'ധീരനായ പോരാളി ' എന്ന് വിശേഷിപ്പിക്കാനും ഒരു ബുദ്ധിമുട്ടും തോന്നിയില്ല. പക്ഷെ റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം അദ്ദേഹത്തിന് സ്വന്തം കടമ സത്യസന്ധമായി നിര്‍വഹിച്ചു എന്ന 'കുറ്റത്തിന് ' നേരിടേണ്ടി വന്ന ഭീഷണിയും പ്രതിസന്ധികള്‍ക്കും സാക്ഷിയായ അദ്ധേഹത്തിന്റെ ഭാര്യ മോഡിയെ കാണാന്‍ പോലും കൂട്ടാക്കാതെ തിരിച്ചയക്കുകയാണ് ചെയ്തത്. ഭര്‍ത്താവിന് ഒപ്പം അവസാന ശ്വാസം വരെ ഒപ്പം നിന്ന, മോഡിയെ വീട്ടില്‍ നിന്നും ആട്ടി പുറത്താക്കിയ കവിതാ കര്‍ക്കറെ എന്ന ധീരയായ സ്ത്രീക്ക് അഭിവാദ്യങ്ങള്‍ !!! ആദരാഞ്ജലികള്‍ !!!

..............................

ഭൂരിപക്ഷ ന്യൂനപക്ഷാടിസ്ഥാനത്തില്‍ അഭിപ്രായങ്ങള്‍ വിലയിരുത്തപ്പെടുന്നതില്‍ വലിയ മഹത്വം ഉണ്ടായിക്കൊള്ളണമെന്നില്ല. ഒരു സംസ്‌കൃത സമൂഹത്തിന്റെ നില നില്‍പിനെത്തന്നെ ചോദ്യം ചെയ്‌തേക്കാവുന്ന വിഷയം പോലും പ്രസ്തുത മാനദണ്ധത്തില്‍ വിജയിപ്പിച്ചെടുക്കാന്‍ സാധിക്കാതെ വരും. ഒടുവില്‍ ഭൂരിപക്ഷാഭിപ്രായം അങ്ങിനെയാണെന്ന് സമാശ്വസിക്കാന്‍ നിര്‍ബന്ധിതരുമാകും. എക്കാലത്തും നന്മയുടെ പക്ഷത്തേക്കാള്‍ ആള്‍കൂട്ടം തിന്മയുടെ പക്ഷത്താണെന്നതത്രെ ശരി. ഭൂരിപക്ഷ ന്യൂനപക്ഷാഭിപ്രായങ്ങളിലെ ശരിയും തെറ്റും ചോദ്യ ചിഹ്നമാക്കിയിരിക്കുകയാണ് സുനിത ദേവദാസ് തന്റെ ടൈം ലൈനില്‍. 

ഈയടുത്ത കാലത്ത് വളരെ രസകരമായി തോന്നിയ ഒരു കാര്യമുണ്ട്. മാനുഷിക ഗുണങ്ങളെക്കുറിച്ചും നന്മയെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും ഒക്കെ സംസാരിക്കുന്നവരെ ആളുകള്‍ വളരെ പുച്ഛത്തോടെ നോക്കും. ഇവനേത് പൊട്ടന്‍ എന്ന രീതിയില്‍. ഇവനിതെന്തിന്റെ കേടാണെന്ന് ചോദിക്കുകയും ചെയ്യും.
അടുത്ത ചോദ്യമാണ് ഏറ്റവും രസം. എല്ലാവരും എടുക്കുന്ന നിലപാടുകള്‍ക്ക് വ്യത്യസ്തമായ നിലപാടെടുക്കുന്നത് ആളാവാനാണോ എന്ന്. ഞങ്ങളോടൊപ്പം നിന്നാല്‍ പോരെ എന്ന്. ഭൂരിപക്ഷം 'ഞങ്ങളാ'ണത്രേ മനുഷ്യാവകാശങ്ങളും നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളും നന്മക്കു വേണ്ടി നിലകൊള്ളുന്നതുമൊക്കെ പ്രസംഗിക്കാനും കലണ്ടറടിച്ചു തൂക്കാനുള്ളതുമല്ല. ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ളതാണ് എന്നറിഞ്ഞിട്ടല്ല ഈ പരിഹാസം. എനിക്കു പറ്റാത്തത്, എനിക്കു പാലിക്കാന്‍ പറ്റാത്തത്, എനിക്കറിയാത്തത്, നിങ്ങള്‍ക്കും വേണ്ട എന്ന അടിച്ചമര്‍ത്തല്‍. ഭൂരിപക്ഷം ഇങ്ങനെയാണ് ന്യൂനപക്ഷം മിണ്ടരുത് എന്ന അപ്രഖ്യാപിത നിയമം.
ഭൂരിപക്ഷമായിരുന്നോ എപ്പോഴും ശരി ?
.............................
ഒരിക്കല്‍ തീവണ്ടി യാത്രക്കിടയില്‍ ഒരു ബിഹാരിയെ പരിചയപ്പെട്ടു. നമ്മുടെ മലയാള നാടിനെക്കുറിച്ചുള്ള അയാളുടെ വീക്ഷണങ്ങളും അഭിപ്രായങ്ങളും എന്നെ അത്ഭുതപ്പെടുത്തി. ഇവിടെ പ്രസക്തമായത് മാത്രം പങ്കുവയ്ക്കുന്നു. ആദരവും ആരാധനയും സ്‌നേഹ ബഹുമാനങ്ങള്‍ക്കും അതിരു കടക്കാത്തവര്‍, ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായേക്കാം അതിനെ സാമാന്യ വത്കരിക്കാനാവില്ലത്രെ. രാവന്തിയോളം പണിയെടുത്താല്‍ പ്രമാണി നല്‍കുന്ന കൂലി തുറന്നു നോക്കാന്‍ പോലും പല വടക്കന്‍ ദേശങ്ങളില്‍ പാടില്ലെന്നിരിക്കെ ഇവിടെ പണിക്കാരന്‍ ആവശ്യപ്പെടുന്നതാണ് കൂലി. ഇങ്ങനെ നീളുന്നു വിലയിരുത്തല്‍. വനജയുടെ ഒരു പോസ്റ്റ് ഇക്കഥകളൊക്കെ ഒരിക്കല്‍ കൂടെ ഓര്‍ക്കാന്‍ കാരണമായി. അയല്‍ സംസ്ഥാനത്തെ അമ്മ കാരാഗ്രഹത്തിലടക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അണികള്‍ കാണിക്കുന്ന അനഭിലഷണീയമായ സംഭവങ്ങളില്‍ തന്റെ നീരസം പ്രകടിപ്പിക്കുകയാണ് വനജ വാസുദേവ്. 

പറമ്പില്‍ പണിതോണ്ടിരുന്നവരാ. അമ്മയെ പൊക്കി അകത്തിട്ടപ്പോള്‍ പണി നിര്‍ത്തി നാട്ടില്‍ പോയി. തമിഴ് നാട്ടില്‍  മൊത്തം ആത്മഹത്യ ശ്രമം നടക്കുന്നു. ഞാന്‍ പറഞ്ഞിട്ട് ആരെയും ആത്മഹത്യ ചെയ്യാന്‍ അനുവദിക്കരുത്. അതിന് മുമ്പേ തടയണം. എന്നിട്ട് മണ്ണെണ്ണ കന്നാസ് വാങ്ങി അവന്റെ തലയില്‍ കമഴ്ത്തി തീ കൊളുത്തണം. ഉടന്‍ തന്നെ അണയ്ക്കുകയും വേണം. ഹോസ്പിററലില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങി വരുമ്പോള്‍ പിടിച്ചിറക്കി ഒരിക്കല്‍കൂടെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തണം. മീഡിയം പരുവം ആകുമ്പോള്‍ കെടുത്തി നിലവിളി ശബ്ദം ഇട്ട് വിടണം. ഇങ്ങനെ 5 പ്രാവശ്യം ചെയ്താല്‍ മേലാല്‍ അവന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കില്ല. ആത്മഹത്യരഹിത തമിഴ്‌നാട് ആണ് ഞാന്‍ കാണുന്ന കിനാശ്ശേരി.
..................................................
രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച് വളരുന്തോറും പിളരുന്ന എന്ന പ്രയോഗം പോലും നമ്മുടെ നാട്ടില്‍ സുവിദിതമാണ്. സമൂഹ മനസ്സോളം നേതൃത്വം വളരുന്നില്ലെന്ന ധാരണ വളരെ ശക്തമായി നിലനില്‍ക്കുന്നുണ്ട്.ഒരുവേള വളരാനും വികസിക്കാനുമുള്ള തീവ്ര ബോധമായിരിക്കാം സംഘടനകളുടെ പെരുപ്പം പോലും എന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്. ഇസബല്ലാഫ്‌ളോറയുടെ ഏറെ പ്രസക്തമായ കുറിപ്പ് ഇവിടെ പകര്‍ത്തുന്നു.

സമൂഹമനസ് പുരോഗതി ആഗ്രഹിക്കുന്നത് കൊണ്ടാവാം പുതിയ പാര്‍ട്ടികള്‍ രൂപം കൊള്ളുകയോ പഴയവ വിഘടിച്ചു പടരുകയോ ചെയ്യുന്നത്.  ഓരോ പ്രസ്ഥാനങ്ങള്‍ക്കും ഓരോ ലക്ഷ്യമുണ്ടായിരിക്കുകയും അവ പ്രവര്‍ത്തകര്‍ അറിഞ്ഞിരിക്കുകയും ചെയ്യുന്നതായിരിക്കും സംഘടനാപ്രവര്‍ത്തനത്തിന്റെ വിജയത്തിലേക്കുള്ള ആദ്യപടി. ദീര്‍ഘവീക്ഷണവും നേതൃ പാടവവും ഇല്ലാത്ത നേതാക്കള്‍ പ്രസ്ഥാനങ്ങളെ വികലമാക്കുന്നു. ജനങ്ങള്‍ക്ക് അവയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിനു കാരണമാകുന്നു. ശരീരത്തില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് തുല്യമായിരിക്കണം സമൂഹത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ പങ്ക്. ആദര്‍ശവും അനുബന്ധ പ്രവര്‍ത്തനങ്ങളുമെന്ന ജീവരക്തം ഒഴുകേണ്ടത് ഞരമ്പുകള്‍ പോലെ ഓരോ കോശങ്ങളിലെക്കും കടന്നു ചെല്ലുന്ന താഴെത്തട്ടിലുള്ള പ്രവര്‍ത്തകരിലൂടെ ആയിരിക്കണം. നിര്‍ഭാഗ്യം എന്ന് പറയട്ടെ,  പരിസ്ഥിതിയുടെ മാപ്പു വരയ്ക്കുന്ന പരിസ്ഥിതിപ്രവര്‍ത്തകരും രാഷ്ട്രബോധത്തെക്കാള്‍ കൂടുതലായി രാഷ്ട്രീയ ബോധമുള്ള പൊതുപ്രവര്‍ത്തകരുമാണ് ഇന്ന് നമുക്കുള്ളത്. പലരെയും ചാക്കില്‍ നിന്ന് കണ്ടെടുക്കയും മൃതശരീരങ്ങളിലെ മുറിവുകള്‍ എണ്ണുകയും ചെയ്യേണ്ടി വരുന്നത് അതുകൊണ്ടാവാം.!!
..........
ഒരു പ്രതിഭയുടെ സര്‍ഗാത്മകത നാമ്പിടുന്നതിനെക്കുറിച്ച് പല പ്രമുഖരും എഴുതിയിട്ടുണ്ട്. എഴുത്തിനുള്ള മുന്നൊരുക്കങ്ങള്‍ മുതല്‍ കടലാസില്‍ മഷിപുരളുന്നത് വരെയുള്ള ഘട്ടങ്ങള്‍. അതിന്നിടയിലെ വേവും നോവും പിറവിയും അനിര്‍വചനീയമായ അനുഭൂതിയും. പ്രകൃതിയുടെ മുഗ്ദ സംഗീതം നമ്മോട് സംസാരിക്കുമ്പോള്‍ അക്ഷരങ്ങള്‍ വചനങ്ങളായി ഉയിരെടുക്കും എന്ന് രാഷ്ട്രീയക്കാരനായ എഴുത്തുകാരന്‍ മന്‍സൂര്‍ പള്ളൂര്‍   പറയുന്നു. 

കേള്‍വിയിലൂടെയും കാഴ്ചയിലൂടെയും വാക്കുകള്‍ മാത്രമല്ല നമ്മോട് സംവദിക്കുന്നത്. കാതോര്‍ത്താല്‍ ഭൂമിഗീതം കേള്‍ക്കാമെന്നപോലെ പ്രകൃതിയുടെ മുഗ്ദ്ധ സൗന്ദര്യവും നമ്മോട് നിശബ്ദമായി സംസാരിക്കും. അപ്പോഴാണ്, നമ്മില്‍ അക്ഷരങ്ങള്‍ വചനങ്ങളായുയിരെടുക്കുന്നത്.
ഇസ്‌ലാം ഓണ്‍ ലൈവിന്‌വേണ്ടി  

0 comments:

Post a Comment

Note: Only a member of this blog may post a comment.