Friday, October 31, 2014

മിന്നാമിന്നികളെ കണ്ണാടിക്കൂട്ടിലടക്കണം

വെളിച്ചത്തെക്കുറിച്ചുള്ള പ്രതീക്ഷകളേക്കാള്‍ വിളക്കുകളെകുറിച്ചുള്ള ചര്‍ച്ചകളിലാണ്‌ സമൂഹത്തിന്‌ താല്‍പര്യം .ധാര്‍മ്മിക സനാതന മൂല്യങ്ങള്‍ക്ക്‌ തരിമ്പും വിലകല്‍പിക്കാത്ത സാമൂഹിക വ്യവസ്ഥയും അവസ്ഥയും അതിന്റെ സകല വിധ മുദ്രകളോടും കൂടെ പല്ലിളിച്ചു നില്‍ക്കുന്നു.അവശേഷിച്ചിരുന്ന കൊച്ചു കൊച്ചു നന്മകള്‍ പോലും പടിയിറങ്ങിപ്പോകുന്ന വേദനാജനകമായ കലികാലത്തിന്റെ വിവര്‍ണ്ണമായ മുഖത്തെക്കുറിച്ചുള്ള ആശങ്കകള്‍ കാവ്യാത്മകമായി പങ്കുവയ്‌ക്കുകയാണ്‌  കിനാവിന്റെ കൂട്ടുകാരി. 

നക്ഷത്രങ്ങളെ പൊതിഞ്ഞു കെട്ടി ഇരുട്ടറകളിലേക്കു എറിയണം. സൂര്യന്റെ വെളിച്ചത്തെ മറകെട്ടി തടയണം. ആകാശത്തു നിന്നു ഭൂമിയിലേക്കു മഞ്ഞു കട്ടകൾ വിതറണം.ചെറുതും എന്നാൽ സുന്ദരവുമായ മിന്നാമിന്നികളെ കണ്ണാടിക്കൂട്ടിലടച്ചു ഭൂമിക്കു പ്രകാശം നൽകണം.ശവം നാറി പൂക്കളാൽ മാല കെട്ടി ദൈവത്തിനു ചാർത്തണം. ഉച്ചനീചത്വങ്ങളെ മനുഷ്യന്റെ മൗലീകാവകാശങ്ങളിൽ ഉൾപ്പെടുത്തണം.സ്വപ്നഭാരം പേറി നാളെകളിലേക്കു നടക്കുന്നവരെ മൗനത്തിന്റെ ചങ്ങലകളിൽ പൂട്ടണം. സഹജീവികൾക്കു വേണ്ടി ശബ്ദിക്കുന്നവരെ ആനക്കിടങ്ങുകളിൽ നിറയ്ക്കണം. പകലിന്റെ സദാചാര പ്രേമികളെ സിംഹാസനത്തിലേറ്റി ജയ്‌ വിളിക്കണം.രാത്രിയുടെ മാറുപിളർക്കുന്ന തീവണ്ടികുടെ ചൂളം വിളികൾ കേട്ട്‌ പൊട്ടിച്ചിരിക്കണം. കാറ്റിന്റെ അലകളെ നൂൽ കൊണ്ടു കൊടിമരങ്ങളിൽ ബന്ധിക്കണം. നന്മയുടെ മുഖങ്ങളിൽ ചിലന്തി വല നെയ്യണം. പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ നാവിൽ അന്തിക്കള്ളു ഇറ്റിക്കണം.രാത്രിയുടെ മറവിൽ അത്തറു പൂശി, പൂവു ചൂടി കനമുള്ള മടിശ്ശീലകളെ മാടി വിളിക്കുന്നവരെ പകലിന്റെ കാവൽ മലാഖമാരാക്കണം.ഇനി നിഴലുകളുടെ ജാഥയിൽ ചേർന്ന് മുദ്രാവാക്യം വിളിക്കാം.സ്വന്തം കാര്യം സിന്ദാബാദ്‌...
................
ഇടത്‌ ശൈലിയില്‍ സംസാരിക്കുകയും വലതു ശൈലിയില്‍ ജീവിക്കുകയും ചെയ്യുന്ന അത്ഭുതകരമായ പ്രതിഭാസം പ്രൊഫഷണല്‍ രാഷ്‌ട്രീയക്കാര്‍ക്കിടയില്‍  അരങ്ങുതകര്‍ത്താടുകയാണ്‌.പ്രകടന പരതയുടെ ഉന്നതിയില്‍ ലോകവും ലോകരും എത്തപ്പെട്ടിരിക്കുന്നു.നിന്നു നിന്നു വേരുറച്ചുപോകാന്‍ സാധ്യതയുള്ള ആദിവാസികളുടെ നില്‍പുസമരവുമായി ബന്ധപ്പെട്ടുള്ള സമീപനങ്ങളും പ്രതികരണങ്ങളും പുതിയ ചില രാഷ്‌ട്രീയ വ്യാഖാനങ്ങള്‍ രൂപപ്പെടാന്‍ പോലും കാരണമാകുന്നുണ്ട്‌.ജ്യോതിസ്‌ പറവൂരിന്റെ ടൈം ലൈനില്‍ നിന്നും ചിലത്‌. 

ഞങ്ങള്‍ ആദിവാസികള്‍ക്ക് എതിരല്ലെന്നുള്ള ഡിസ്‌ക്ളൈമര്‍  ടെമ്പലേറ്റ് എല്ലാവരികള്‍ക്ക് മുന്നിലും വെക്കും. അതിനു ശേഷം ആദിവാസി സമരത്തെ ആക്ഷേപങ്ങള്‍ കൊണ്ട് ചൊരിയും. കൂട്ടം കൂടി തീര്‍പ്പുകള്‍ കല്‍പ്പിക്കും.ഇത്തരക്കാര്‍ക്ക് മറുപടി കൊടുക്കാന്‍ പോയാല്‍ അതിനെ നേരം കാണൂ. ക്രിയാത്മകമായ ചര്‍ച്ചകളില്‍ പങ്കെടുക്കൂ. മുഖ്യധാര ഒഴിവാക്കിയ ആദിവാസി പ്രശ്നങ്ങള്‍ ഇങ്ങനെയെങ്കിലും ചര്‍ച്ചചെയ്യപ്പെടുന്നത് എന്തായാലും പോസറ്റീവ് ആയി തന്നെ കാണേണ്ടതുണ്ട്. മുഖംമൂടികള്‍ ഓരോന്നോരോന്നായി അഴിഞ്ഞു വീഴുന്നത് കാണുന്നില്ലേ.
സമരം നടത്തുന്ന ആദിവാസി സഹോദരങ്ങള്‍ക്ക് എല്ലാ പിന്തുണയും.
..............
സ്വന്തം കുറ്റങ്ങളും കുറവുകളും നികത്തിയും അനുഭവങ്ങളില്‍ നിന്ന്‌ പാഠമുള്‍കൊള്ളുകൊണ്ടും മുന്നോട്ട്‌ പോകുമ്പോള്‍ ജീവിത വിശുദ്ധിയും ഐശ്വര്യവും ഉണ്ടാകും .എന്നാല്‍ അന്യന്റെ ന്യൂനതകളും പിഴവുകളും ചുഴിഞ്ഞന്വേഷിച്ചും  വിലയിരുത്തിയും വെടിപറഞ്ഞും നേരം കൊല്ലുന്നതിലാണ്‌ പലര്‍ക്കും താല്‍പര്യം .തന്റെ കണ്ണില്‍  തടിക്കഷ്‌ണമുള്ളപ്പോള്‍ അന്യന്റെ കണ്ണിലെ കരടെടുക്കണോ എന്നാണ്‌ പത്മശ്രീ നായര്‍ ചോദിക്കുന്നത്‌ 


പലരുടെയും സ്വഭാവത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഒന്നാണ് കുറ്റം പറച്ചിലും വിധി കല്‍പ്പിക്കലും. ആരെയും, ഒന്നിനെയും വെറുതെ വിടില്ല. വിമര്‍ശനമാക്കും. മറ്റുള്ളവരിലേ നന്മ കാണുന്നതില്‍ അധികം അവരുടെ ദോഷങ്ങളെ കണ്ടെത്തുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. മറ്റുള്ളവരെ വിമര്‍ശിക്കുക, അവരുടെ വിധി കര്‍ത്താക്കള്‍ ആവുക എന്നതൊക്കെ തങ്ങളുടെ അവകാശമാണെന്ന് തോന്നും ഇക്കൂട്ടരുടെ ഉത്സാഹം കണ്ടാല്‍..,.
കണ്ടതിന്റെയും കേട്ടതിന്റെയും അടിസ്ഥാനത്തില്‍ മറ്റുള്ളവരെ പറ്റി നാം അഭിപ്രായം രൂപപ്പെടുത്തുമ്പോഴും അവര്‍ക്കെതിരെ വിധി കല്പ്പിക്കുമ്പോഴും ഒന്നോര്‍ക്കുക.. നാം കണ്ടതും കേട്ടതും ആയിരിക്കില്ല യാഥാര്‍ത്ഥ്യം. മറ്റുള്ളവരെ വിമര്‍ശിക്കുകയും വിധി കല്‍പ്പിക്കുകയും ചെയ്യുന്നവര്‍ അവരവര്‍ക്ക് തന്നെ ദോഷം വരുത്തി വെക്കുന്നു. അവരുടെ വ്യക്തിത്വം വികലമാക്കപ്പെടുന്നു. സ്വന്തം കണ്ണില്‍ തടി കഷ്ണം ഇരിക്കുമ്പോള്‍ മറ്റുള്ളവന്റെ കണ്ണിലെ കരടെടുക്കാന്‍ ശ്രമിക്കണോ??
വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നമ്മള്‍ അളക്കുന്ന അളവുകോല്‍ കൊണ്ട്തന്നെ നമുക്കും അളന്നു കിട്ടും.. അഹന്തയും സ്വാര്‍ഥതയും ശക്തിപ്പെടുമ്പോഴാണ് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്. അതിനുള്ള പ്രതിവിധി വിനയത്തിന്‍റെ (വിനയന്‍റെയല്ല)  പാത പിന്തുടരുക , മറ്റുള്ളവന്റെ നന്മയെ കാണാന്‍ ശ്രമിക്കുക. മറ്റുള്ളവര്‍ നമ്മളെയും വിമര്‍ശന വിധേയമാക്കുന്നുണ്ടെന്നു ഇടക്കെങ്കിലും ഓര്‍മ്മിക്കുക..
കാണുന്നതില്‍ പകുതി വിശ്വസിക്കുക, കേട്ടത് മുഴുവനും വിശ്വസിക്കാതിരിക്കുക.
....................
നമ്മുടെ നാടിന്റെ നാനാവിധത്തിലുള്ള പുരോഗതിയ്‌ക്ക്‌ വേണ്ടി പ്രവാസിയുടെ സംഭാവനകള്‍ എണ്ണമറ്റതത്രെ.വിശിഷ്യ കേരളത്തിന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും പ്രവാസി വഹിച്ച പങ്ക്‌ സ്‌മരിക്കപ്പെടുകതന്നെ ചെയ്യും .എന്തായാലും നാടിനുവേണ്ടി പ്രവാസികൾ എന്തുചെയ്തു എന്ന് ഗവേഷണം നടത്തുന്നവർ പ്രവാസികള്‍ക്കുവേണ്ടി നാട് എന്ത് ചെയ്തു എന്നു ഒറ്റപ്രാവശ്യമെങ്കിലും  ചിന്തിക്കണമെന്നാണ്‌ പ്രവാസിനിയായ സോച്ചു സഖി പറയുന്നത്‌.

​ഒത്തിരിയൊത്തിരി കിനാവുകളും ദുഖങ്ങളും വാരിപ്പിടിച്ചു താൻ വേരൂന്നിയ മണ്ണ് വിട്ടുപോരുന്നതിന്റെ വേദന ഒരു പ്രവാസിക്കേ അറിയൂ.നാട്ടിലുളളവരെക്കാളുംനാടിനെ ഇഷ്ടപ്പെടുന്നതുംനാടിന്റെ ഭാഷയും സംസ്ക്കാരവുംകൂടുതൽ ഉയർത്തിപ്പിടിക്കുന്നതു പ്രവാസികൾ തന്നെ എന്നതിന് എന്തെങ്കിലും  തർക്കമുണ്ടോ?അതിലുപരി സ്വയം അന്യമായിതീരുമ്പോഴും വീടും നാടും വികസിക്കുവാനുംമറ്റാരേക്കാളുംഅശരണർക്കുംഅഗതികൾക്കുംസഹായംചെയ്യാനും ഈ പ്രവാസികൾ തന്നെയാണ് മുൻപന്തിയിൽ.പറയാൻ ഇനിയും ഏറെയാണ്‌.എന്തായാലുംനാടിനുവേണ്ടി പ്രവാസികൾ എന്തുചെയ്തു എന്ന് ഗവേഷണം നടത്തുന്നവർ പ്രവാസികള്‍ക്കുവേണ്ടി നാട് എന്ത് ചെയ്തു എന്നു ഒറ്റപ്രാവശ്യമെങ്കിലും ചിന്തിക്കുന്നത് നല്ലതാണ്.

ഇസ്‌ലാം ഓണ്‍ ലൈവിന്‌വേണ്ടി

0 comments:

Post a Comment

Note: Only a member of this blog may post a comment.