Sunday, September 21, 2014

പ്രണയം പൂക്കുന്ന നിമിഷങ്ങള്‍

പ്രപഞ്ചനാഥനോട് പ്രേമമുണ്ടെങ്കില്‍ പ്രവാചകനെ അനുകരിച്ചാലും എന്ന ദൈവീക ഭാഷ്യം പ്രസിദ്ധമാണ്. മണ്‍ മറഞ്ഞ കവിയിത്രി കമലാ സുരയ്യയോട് ദൈവ കല്‍പനകള്‍ അനുസരിക്കാനുള്ള പ്രചോദനം പരലോക ശിക്ഷയായിരിക്കാമെന്ന അര്‍ഥത്തില്‍ ചോദിക്കപ്പെട്ടപ്പോള്‍ സര്‍വേശ്വരനോടുള്ള അതിരറ്റ പ്രണയമാണെന്നായിരുന്നു ആ മഹതിയുടെ പ്രതികരണം. മധുമലരില്‍ നിന്നും മധുമോന്തുന്ന മധുപന്റെ അനിര്‍വചനീയമായ നിര്‍വൃതിയിലായിരുന്നു പ്രവാചകനും അനുചരന്മാരും പ്രാര്‍ഥനാവേളകളിലെന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്. 'നടന്നടുക്കുന്നവരിലേയ്ക്ക് ഓടിയടുക്കുമെന്ന' ദൈവ വചനങ്ങളിലെ അനുരാഗ മന്ത്രത്തിന്റെ സ്വരജതി കേവല ഭക്തപ്രിയരായി അറിയപ്പെടുന്ന വേഷം കെട്ടുകാര്‍ വായിച്ചെടുത്തിരിക്കാന്‍ വഴിയില്ല. എന്തിനേറെ സാഹിത്യലോകം അടക്കി വാഴുന്നവരെന്നഹങ്കരിക്കുന്നവര്‍ക്കു പോലും തിരിഞ്ഞിട്ടില്ലെന്നാണ് ഏറ്റവും പുതിയ ചില വെളിപാടുകള്‍ വിളിച്ചറിയിക്കുന്നത്. ശൂന്യതയില്‍ നിന്നും പ്രാണനെ തൊട്ടുണര്‍ത്തിയ പ്രാണേശ്വരനേയും പ്രണയാദ്രമായ മഹനീയ മുഹൂര്‍ത്തങ്ങളേയും ഭാവാത്മകമാക്കാന്‍ ശ്രമിക്കുകയാണ് സുലൈമാന്‍ .  

എന്റെ പ്രണയം നിമിഷത്തിന്റെ ദൗര്‍ബല്യത്തില്‍ സംഭവിച്ച ഒന്നല്ല. കാലകാലങ്ങളായി മഹാശൂന്യതയുടെ കൊടുംതണുപ്പില്‍ മരവിച്ചു കിടന്നിരുന്ന ഞാനെന്ന ശൂന്യതയെ അവന്‍ തൊട്ടുണര്‍ത്തി. ആരാണവന്‍? അവന്‍ പൂവിനെ ശലഭത്തെ മഞ്ഞുതുള്ളിയെ മഴയെ മാരിവില്ലിനെ നിലാവിനെ മാന്‍പേടയെ മയില്‍പീലിയെ സൃഷ്ടിച്ച  സ്രഷ്ടാവ്. സൗന്ദര്യങ്ങളുടെ സൗന്ദര്യം, പ്രണയികളുടെ പ്രണയം. നോക്കൂ, അവന്റെ ഓരോ പ്രവര്‍ത്തിയും! അവന്റെ ഓരോ ചലനങ്ങളെയും പിന്തുടരുന്ന മാത്രയില്‍ ഹൃദയത്തിന്റെ ഓരോ തുടിപ്പും താളാത്മകം ആകും. പ്രണയത്തിന്റെ നിസ്സീമമായ ആ ഒഴുക്കിനെ മനസ്സിലാക്കണം എന്നില്ല, മനസ്സിലാക്കിയാലും ഇല്ലെങ്കിലും അന്തര്‍ലീനമായ പ്രണയത്തിന്റെ പ്രലോഭനത്തില്‍ ഏതു നിമിഷവും ആണ്ടുപോയേക്കാം, പ്രകൃതിയില്‍ സൗന്ദര്യം ദര്‍ശിക്കുന്ന ഏതു നിമിഷത്തിലും അന്തര്‍ലീനമായ ആ തൃഷ്ണയുടെ പ്രലോഭനത്തില്‍ ഹൃദയം വിസ്മയിക്കാറുണ്ട്. മനോഹരമായ ഒരു അരുവികാണുമ്പോള്‍, മഴവില്ല് ദര്‍ശിക്കുമ്പോള്‍ , മഞ്ഞുതുള്ളി സ്പര്‍ശിക്കുമ്പോള്‍  ഓടക്കുഴല്‍ നാദം ശ്രവിക്കുമ്പോള്‍ സൗന്ദര്യം മുറ്റിനില്‍ക്കുന്ന വദനം കാണുമ്പോള്‍ ഞാന്‍ പോലുമറിയാതെ ഹൃദയം അനുരാഗത്തില്‍ ആണ്ടു പോകുന്നു. ഏതൊരു ഹൃദയവും പ്രണയത്തിന്റെ പ്രലോഭനത്താല്‍ സദാ ഉടഞ്ഞു കൊണ്ടിരിക്കും. ആ പ്രണയത്തിനു ചിലസമയം രൂപമുണ്ടാകാം, അല്ലെങ്കില്‍ അരൂപമാകാം, എന്റെ ഹൃദയത്തില്‍ പ്രണയത്തിന്റെ വിത്തിട്ടത് ആരാണോ അവനെ തന്നെയാണ് എന്നും, എവിടെയും, ആരിലും പ്രണയം തേടുന്നത്.
.....................................
ഭാരത ജനത വെള്ളരിക്കാ പട്ടണത്തിലൊന്നുമല്ലെന്ന് നവ ജാതരായാലും നവ ജാഗ്രതരായാലും മനസ്സിലാക്കണം. അസത്യങ്ങളും അര്‍ധ സത്യങ്ങളും ഞൊടിയിടയില്‍ പ്രസരിപ്പിക്കാനാകുന്നപോലെ അല്‍പം താമസിച്ചാലും ഇതേ പ്രസാരണ ഫലകങ്ങളിലൂടെ യാഥാര്‍ഥ്യം ജനങ്ങളിലെത്തിക്കാനും കഴിയും. അരങ്ങില്‍ വെള്ളിവെളിച്ചത്തില്‍ ആടിത്തിമിര്‍ക്കുമ്പോള്‍ ശരാശരി ആസ്വാദകര്‍ അംഗീകരിക്കും. അരങ്ങൊഴിഞ്ഞിട്ടും വേഷം മാറാതെ ആട്ടം തുടര്‍ന്നാല്‍ ജനം നിരാകരിക്കും. സഹികെട്ട ജനം ചൂലെടുത്തപ്പോള്‍ തൂത്തുവാരാനുള്ള അമിതാവേശം പുലര്‍ത്തിയ രാഷ്ട്രീയം പോലും സഹിക്കാത്ത ജനം കൃത്രിമമായ മോഡികളില്‍ അഭിരമിക്കുന്ന മോഡേണ്‍ മോഡിസത്തെ തിരസ്‌കരിക്കുന്ന നാള്‍ അതി വിദൂരമല്ല. മോഡി മങ്ങുന്ന വര്‍ഗീയാജണ്ടകള്‍ക്കേറ്റ തിരിച്ചടികളെക്കുറിച്ച് ഇഖ്ബാല്‍ കുറിച്ചിട്ടത്.

ലൗ ജിഹാദ് പോലുള്ള വര്‍ഗ്ഗീയ പ്രചാരണങ്ങളെയും മോദി-അമിത് ഷാ ദ്വന്ദ്വങ്ങളേയും ഇന്ത്യന്‍ ജനത തള്ളിക്കളഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസ്സും സമാജ് വാദി പാര്‍ട്ടിയും അഹങ്കരിക്കരുത്. ബിജെപിയുടെ സാമ്പത്തിക നയങ്ങള്‍ക്കും വര്‍ഗീയ അജണ്ടകള്‍ക്കുമെതിരെ ജനാധിപത്യ മതേതര പാര്‍ട്ടികള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് ഇന്ത്യന്‍ ജനത നല്‍കുന്നത്. ഇടത് പാര്‍ട്ടികള്‍ ഇപ്പോള്‍ നടക്കാന്‍ പോകുന്ന സംഘടനാ സമ്മേളനങ്ങളില്‍ പരാജയത്തിന്റെ കാരണങ്ങള്‍ വസ്തുനിഷ്ഠമായി  വിശകലനം ചെയ്ത് ഉചിതമായ രാഷ്ട്രീയ നയ സമീപനങ്ങള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷീക്കുന്നു.
................
സോഷ്യല്‍ മീഡിയയുടെ ദുരുപയോഗത്തെക്കുറിച്ച് വളരെ പ്രാരംഭ ദിശയില്‍ തന്നെ ഒട്ടേറെ സന്ദേഹങ്ങള്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. ഒരു ക്ലിക്കിലൂടെ പ്രസരിപ്പിക്കുന്ന വരയും വരിയും ചിരിയും ചിന്തയും ചിത്രവും ചിത്രീകരണവും ലോകമെമ്പാടുമുള്ള ജന സാഗരത്തിലേയ്ക്കാണ് പ്രവഹിപ്പിക്കുന്നത് എന്ന ബോധം പലപ്പോഴും വിസ്മരിക്കപ്പെടുന്നുവെന്നതത്രെ സത്യം. വിശിഷ്യ ടീനേജുകള്‍ ലക്കും ലകാനുമില്ലാത്ത വിധം സോഷ്യല്‍ മീഡിയകളില്‍ വിഹരിക്കുകയാണ്. ഒടുവില്‍ ഗൗരവതരമായ ഈ പ്രവണതക്ക് കടിഞ്ഞാണിടാന്‍ എഫ്,ബി തന്നെ രംഗത്തെത്തിയിരിക്കുന്നു. ചതിക്കുഴികള്‍ക്ക് കാവലൊരുക്കുന്ന മുഖപ്പുസ്തക ദാതാക്കളുടെ 'പോസ്റ്റ് ചെയ്യും മുമ്പൊരു നിമിഷം' എന്ന സംരംഭത്തെക്കുറിച്ച് മീഡിയവണ്‍ ഓണ്‍ ലൈന്‍ പേജില്‍ വളരെ വിശദമായി നല്‍കിയ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗം ഇവിടെ പകര്‍ത്തുന്നു.  

ഓണ്‍ലൈനിലൂടെയുള്ള  വ്യക്തിഹത്യയും ഭീഷണിയും ദുരുപയോഗവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ടീനേജുകാര്‍ക്ക് അവബോധം നല്‍കാനായി പ്രത്യേക പരിപാടിയുമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് മേഖലയിലെ അതികായന്‍മാരായ ഫേസ്ബുക്ക് രംഗത്ത്. ഷെയര്‍ ചെയ്യുന്നതിന് മുമ്പ് ഒന്ന് ആലോചിക്കൂ  എന്ന് പേരിട്ടിട്ടുള്ള പ്രചരണ പരിപാടി ഇന്ത്യയില്‍ മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. ഹിന്ദി, ഗുജറാത്തി, ബംഗാളി തുടങ്ങി ഒമ്പത് പ്രാദേശിക ഭാഷകളിലാണ് പ്രത്യേക പ്രചാരണ പരിപാടി ഒരുക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ ഉപയോഗിക്കുന്ന ടീനേജുകാര്‍ പതിവായി അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ നിരത്തുന്നതിനോടൊപ്പം തന്നെ ഇവക്കുള്ള പരിഹാര മാര്‍ഗങ്ങളും നിര്‍ദേശിക്കുന്നു എന്നാണ് ഫേസ്ബുക്കിന്റെ പ്രചരണ പരിപാടിയുടെ പ്രത്യേകത. ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യപ്പെടുന്ന വിവരങ്ങള്‍ വളരെപ്പെട്ടെന്ന് തന്നെ അനേകായിരം പേരിലേക്ക് എത്താന്‍ കഴിയുന്നതാണെന്ന പ്രാഥമിക ബോധം പോലും തുടക്കാരില്‍ ഉണ്ടാകണമെന്നില്ല. തങ്ങളുടെ സ്വകാര്യത നിബന്ധനകള്‍ ശക്തമാക്കാത്തവരെ കാത്തിരിക്കുന്നത് കെണികളാണ്. ഈ പ്രശ്‌നത്തിന് വലിയൊരളവോളം പരിഹാരം നല്‍കുന്നതാണ് ഫേസ്ബുക്കിന്റെ സോഷ്യല്‍ റിപ്പോര്‍ട്ടിംഗ് ടൂള്‍.  ഓണ്‍ലൈനില്‍ എന്തെങ്കിലും അപായ സൂചന ലഭിച്ചാല്‍  മുതിര്‍ന്ന ഒരു വ്യക്തിയെയോ അല്ലെങ്കില്‍ വിശ്വസ്തരായ ഏതെങ്കിലുമൊരാളെയോ ഇടപെടുവിക്കാന്‍ ടീനേജുകാരെ സഹായിക്കുന്നതാണ് ഈ ടൂള്‍. ഓണ്‍ലൈനില്‍ സംഭവിക്കുന്ന പാളിച്ചകള്‍ നേരിടുന്ന വിധത്തെക്കുറിച്ച് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ഉപദേശങ്ങളും ഫേസ്ബുക്ക് പങ്കുവയ്ക്കുന്നുണ്ട്.
ഇസ്‌ലാം ഓണ്‍ ലൈവിന്‌വേണ്ടി  

0 comments:

Post a Comment

Note: Only a member of this blog may post a comment.