Friday, August 29, 2014

കൊള്ളി മാത്രമേ കത്തിതീര്‍ന്നിട്ടുള്ളൂ..

കലാപകാരിയായ തൂലികയുടെ കുലപതി വിടപറഞ്ഞിരിക്കുന്നു. തനിക്കിഷ്ടമില്ലാത്ത അവസ്ഥയും വ്യവസ്ഥയും വിട്ട് അനന്തതയില്‍ വിലയം പ്രാപിച്ചിരിക്കുന്നു. ഇന്ത്യന്‍ ഭരണ സിരാകേന്ദ്രത്തിന്റെ അധികാര ഇടനാഴികകളിലൂടെ അരിച്ചുകയറുന്ന കരി നിഴലിനെക്കുറിച്ച് കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ വേവുന്ന ഹൃദയഭാരം സഹജരോട് പങ്കുവച്ചുകൊണ്ട് അനന്തമൂര്‍ത്തിയെന്ന ഉഗ്രമൂര്‍ത്തി എരിഞ്ഞമര്‍ന്നിരിക്കുന്നു. കാലത്തിന്റെ കാവ്യനീതി പോലെ. ഗാര്‍ഗികുമാര്‍  മണ്‍ മറഞ്ഞ സാഹിത്യകാരനെക്കുറിച്ചുള്ള വിചാര വികാരങ്ങള്‍ പങ്കുവയ്ക്കുന്നു .

ഫാസിസം തലക്കു മീതെ നൃത്തം ചെയുന്നതിനേക്കാള്‍ ഞാന്‍ ഈ രാജ്യം വിട്ടു പോകാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുമ്പോള്‍ ഫാസിസത്തിന്റെ ഭീകരമായ അവസ്ഥ നമുക്ക് മുന്നില്‍ തുറന്നു കാണിക്കുകയായിരുന്നു യു ആര്‍ അനന്തമൂര്‍ത്തി. 

സാര്‍ അങ്ങ് വാക്ക് പാലിച്ചിരിക്കുന്നു. അധികാരവര്‍ഗത്തോട് സന്ധി ചെയ്തു തങ്ങളുടെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്ന അക്ഷര കാരണവന്മാരുടെ ഇടയില്‍ വേറിട്ട് നിന്ന അങ്ങയുടെ വിയോഗം തെല്ലല്ല ഞങ്ങളെ ദുഖത്തിലാഴ്ത്തുന്നത്. 

മരിക്കും മുമ്പേ ആദരാഞ്ജലി നേര്‍ന്നവര്‍, അങ്ങയുടെ മരണം ഒരു നിമിഷം മുമ്പെങ്കിലും അവര്‍ ആഗ്രഹിച്ചിരുന്നുവെന്നത് എത്ര കണ്ടു അങ്ങയെ അധികാര ഫാസിസ്റ്റ്കള്‍ ഭയപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണ്. ഇപ്പോള്‍ ആ മരണത്തെയും അവര്‍ ഭയപ്പെടുന്നു. കാരണം അങ്ങ് പുതുതലമുറയ്ക്ക് പകര്‍ന്നു തന്ന വെളിച്ചം ഞങ്ങള്‍ കെടാതെ സൂക്ഷിക്കുമെന്ന് അവര്‍ക്കറിയാം. 

വിജയന്‍ മാഷ് പറഞ്ഞത് ഓര്‍മ്മ വരുന്നു... തീ കൊളുത്താന്‍ ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തി തീര്‍ന്നാലും തീ പടര്‍ന്നു കൊണ്ടേയിരിക്കും ...'
...................................

അമ്മൂമമാര്‍ വീടിന്റെ വെളിച്ചവും തെളിച്ചവുമത്രെ. ജീവിതാനുഭവങ്ങളും ജീവിത പാഠങ്ങളും തലമുറകളായ് ലഭിച്ച മാനവിക മാനുഷിക ഭാവങ്ങളും കളിയും കാര്യവും കൌതുകങ്ങളും  പുതിയ തലമുറയ്ക്ക് അന്യമായതിന്റെ തിക്തഫലങ്ങള്‍ ചില്ലറയൊന്നുമല്ല. വായിക്കാന്‍ കിട്ടാത്തതും വായിച്ചാല്‍ തിരിയാത്തതുമായ ജീവല്‍ ഗന്ധിയായ നുറുങ്ങുകളുടെ ലോകമായിരുന്നു മുത്തശ്ശിമാര്‍ക്ക് ചുറ്റും. ഓര്‍മ്മകളിലെ നഷ്ട പ്രതാപത്തിന്റെ കണക്കുകള്‍ കുത്തിക്കുറിക്കുകയാണ് സഹൃദയനായ സിദ്ധീഖ് കൈതമുക്ക് 

ഓരോ ഗൃഹത്തിലെയും സ്‌നേഹ ലാളനയുടെ കെടാ വിളക്കാണ് 'മുത്തശ്ശി' നാട്ടറിവുകളുടെയും, അനുഭവ സമ്പത്തുക്കളുടെയും, സര്‍വോപരി കുടുംബ ഭദ്രതയുടെയും ആ നെടും തൂണാണ് നമ്മുടെ ഓരോ കുടുംബത്തിന്റെയും കൂട്ടായ്മയുടെ അടിത്തറയെ താങ്ങി നിറുത്തുന്നത്. മക്കള്‍ക്കും, പേര മക്കള്‍ക്കും, സ്വകുടുംബത്തിനും വേണ്ടി ഒരായുസ്സ് മുഴുവന്‍ ഉരുകി തീരുമ്പോളും ചുറ്റുമുള്ളവര്‍ക്ക് പ്രകാശം നല്‍കുന്ന ഈ അനുഗ്രഹ ദീപത്തെ അണയാതെ സൂക്ഷിക്കേണ്ടതിന് പകരം ബാദ്ധ്യത ഒഴിവാക്കാന്‍ വാര്‍ദ്ധക്യ കാലത്ത് വൃദ്ധ സദനങ്ങളില്‍ കൊണ്ട് പോയി തള്ളുന്ന ആ ദുഷ്‌ക്കരമായ കാഴ്ചക്കും നമ്മള്‍ സാക്ഷികളാകേണ്ടി വരുന്നു..... ജീവിത സായാഹ്നത്തില്‍ മായുന്ന ഓര്‍മ്മകളുടെ വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെടലിന്റെ കൊടും വേദനകളിലേക്ക് തള്ളി വിടുന്ന ഈ പാവം മുത്തശ്ശി കൂട്ടങ്ങളുടെ ദുഃഖ ഭാരത്തിന്റെ ശാപം പേറാന്‍ വിധിക്കപ്പെട്ടവരെ നിങ്ങള്‍ ഒന്നോര്‍ക്കുക...'വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ നാളെ നിങ്ങളെയും കാത്തിരിക്കുന്നുണ്ട്'.'കണ്ണേ മടങ്ങുക'.
......................... 
മൃഗങ്ങളേക്കാള്‍ അല്ല അതിലും തരം താഴാനുള്ള സാധ്യതകള്‍ നിഷേധിക്കാന്‍ സാധിക്കാത്തവിധം പച്ചയായ യാഥാര്‍ഥ്യങ്ങളാണ് ദിനേന കണ്ടുകൊണ്ടിരിക്കുന്നതും കേട്ടു കൊണ്ടിരിക്കുന്നതും. മൃഗങ്ങള്‍ മനുഷ്യനേക്കാള്‍ അല്ല അതിലും ഉന്നതമായ വിതാനത്തിലേയ്ക്ക് ഉയരുന്ന കാഴ്ചകള്‍ക്കും ഒരുവേള സാക്ഷികളാവേണ്ടി വന്നേക്കാം. തന്നെ പരിപാലിച്ച ഒരു ചെറുപ്പക്കാരന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടപ്പോള്‍ ഒരു ശുനകന്‍ എത്രമാത്രം വേദനിച്ചുവെന്ന് നമുക്ക് ഊഹിക്കാമോ? അബ്ദുല്‍ ജലീല്‍ പങ്കുവെച്ച ഒരു ചാനല്‍ വാര്‍ത്ത.

കാണുന്നവരുടെയെല്ലാം കണ്ണു നിറയ്ക്കുന്ന കാഴ്ചയായിരുന്നു അത്. വാഹനാപകടത്തില്‍ കൊല്ലപ്പെട്ട 18 കാരന്റെ കുഴിമാടത്തില്‍ കിടക്കുന്ന നായ. ഭക്ഷണം പോലും കഴിക്കാതെ രണ്ടാഴ്ചയാണ് അവന്‍ അഞ്ചു വര്‍ഷമായി തന്നെ നോക്കിയ യുവാവിന്റെ കുഴിമാടത്തില്‍ കിടന്നത്. മഴയും വെയിലും വകവയ്ക്കാതെ കിടക്കുന്ന നായയെ അവിടെനിന്ന് മാറ്റാന്‍ മൃഗസംരക്ഷണ പ്രവര്‍ത്തകരും നാട്ടുകാരും ശ്രമിച്ചിട്ടും നടന്നില്ല. ഒടുവില്‍, യുവാവിന്റെ അമ്മ വന്നപ്പോഴാണ് അവന്‍ കൂടെ പോവാന്‍ തയ്യാറായത്.
.....................
പരസ്പര ബഹുമാനവും വിശ്വാസവും പഴയ തലമുറയുടെ എടുത്തു പറയത്തക്ക സ്വഭാവ വിശേഷണമാണ്.വര്‍ത്തമാന ലോകത്ത് വിസ്മരിക്കപ്പെട്ടതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതും ഈ ഗുണമായിരിക്കണം. അതിലുപരി സ്വന്തത്തെപ്പോലും വിശ്വാസമില്ലാത്ത അഥവ പേടിക്കുന്ന അവസ്ഥയും ഇല്ലാതില്ല. കണ്ണാടിയില്‍ സ്വന്തം മുഖം നോക്കാന്‍ മടിക്കുന്ന ആധുനിക ലോകത്തിന്റെ പ്രതീകാത്മകചിത്രം 'മുട്ടായിത്തെരു' എന്ന ബ്‌ളോഗില്‍ 'കണ്ണാടിപ്പേടി' എന്ന കൊച്ചു കവിതയിലൂടെ റഫീഖ് പന്നിയങ്കര കുറിച്ചിട്ടിരിക്കുന്നു .

പുരാതനമായ 
തറവാടായിരുന്നു എന്റേത്.
അവിടെ എനിക്കു മാത്രമായി ഒരു മുറി.

എഴുതാനും  വായിക്കാനും  ചിന്തിക്കാനും 
കനം നിറഞ്ഞ ശാന്തത.

ഈയിടെ മുറിച്ചുമരില്‍ 
ഞാനൊരു കണ്ണാടി  തൂക്കി.

പിന്നീട് ഞാനാ  മുറിയിലേക്ക്
കയറിയിട്ടേയില്ല.

ഇസ്‌ലാം ഓണ്‍ ലൈവിന്‌വേണ്ടി

0 comments:

Post a Comment

Note: Only a member of this blog may post a comment.