Friday, May 16, 2014

തൊട്ടറിവുകളുടെ ലോകം 

പ്രകൃതിയോട് കളി പറഞ്ഞും കഥപറഞ്ഞും ഇണങ്ങിയും പിണങ്ങിയും ആഹ്ലാദ ചിത്തരായി ഓടിച്ചാടി നടന്നിരുന്ന ബാല്യകാല ഗൃഹാതുരത്വം പുതിയ തലമുറയ്ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. ഇന്ന് സ്വന്തങ്ങളും ബന്ധങ്ങളും സൗഹൃദങ്ങളും മനുഷ്യപ്പറ്റുള്ള ഇഴയടുപ്പമായി രൂപപ്പെടുന്നതിനേക്കാള്‍ സാങ്കേതിക ബന്ധനങ്ങളുടെ ചിലന്തിവലകളില്‍ കുരുങ്ങിപ്പോകുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

മുറ്റത്തെ പൂന്തോപ്പിനേക്കാള്‍ അതു പകര്‍ത്തപ്പെട്ട വീഡിയൊ ക്ലിപ്പിനോടായിരിക്കുന്നു നമ്മുടെ ഹരം. പുതിയ തലമുറയെ വഴിതിരിച്ചു വിടുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ വെച്ചുപുലര്‍ത്തുന്ന അനാസ്ഥയുടെ പരിണിതി വിവരണാതീതമായിരിയ്ക്കും. 

നമ്മുടെ സന്താനങ്ങള്‍ക്ക് പ്രകൃതിയെ തൊട്ടറിയാനുള്ള പ്രചോദനങ്ങളാണ് സാങ്കേതിക വിദ്യയെ തൊട്ടുപഠിപ്പിക്കുന്നതിനേക്കാള്‍  അഭികാമ്യം എന്ന് സുപ്രസിദ്ധ സാമൂഹിക ശാസ്ത്രജ്ഞന്‍ Gregg Braden തന്റെ എഫ്ബി പോസ്റ്റിലൂടെ ആഹ്വാനം ചെയ്യുന്നു.

---------------------------------------------------------------------------------------------------

കച്ചവടവത്കരണം എല്ലാ സീമകളും വിട്ടു മുന്നേറുന്ന അവസ്ഥയിലേയ്ക്ക് വര്‍ത്തമാന ലോകം പരിണമിച്ചിരിക്കുന്നു. സ്വയം വിഡ്ഡികാളാകാനുള്ള പ്രഖ്യാപിത ദിവസം മുതല്‍ സ്‌നേഹത്തിനും സൗഹൃദത്തിനും വരെ പ്രത്യേക ദിവസങ്ങള്‍ക്ക് രൂപ കല്പന ചെയ്തിരിക്കുന്നു. എന്തിനേറെ ജന്മം നല്‍കിയ മാതാവിന് പോലും നിര്‍ണ്ണിത ദിവസം നല്‍കപ്പെട്ടിരിക്കുന്നു. പെറ്റമ്മയ്ക്ക് വേണ്ടി ഒരു ദിവസം! സോഷ്യല്‍ മീഡിയ ഏറെ വാചാലമാകുന്നുണ്ട്. മാതൃദിനം ഇത്തരത്തിലൊതുക്കപ്പെടുന്നതിലെ അനൗചിത്യം പല പ്രമുഖരും പങ്കുവയ്ക്കുന്നുണ്ട്.

ഗൗരവമുള്ള ചില ചിന്തകള്‍ പ്രവീണ്‍ ശേഖര്‍ (praveen-sekhar.blogspot.com) ബ്ലോഗിലൂടെ പറയുന്നുണ്ട്. പ്രസക്തമായ ഭാഗങ്ങള്‍ നെറ്റുലകത്തില്‍ പകര്‍ത്തുന്നു.

'ഓരോ ദിവസവും ഓരോ കാര്യത്തിനായി നീക്കി വച്ച പോലെയാണ് കാര്യങ്ങള്‍. പ്രണയിക്കാന്‍ ഒരു ദിവസം, അച്ഛനെയും അമ്മയെയും സ്‌നേഹിക്കാന്‍ ഒരു ദിവസം, കുഞ്ഞുങ്ങള്‍ക്കായി മറ്റൊരു ദിവസം, വൃദ്ധര്‍ക്ക് വേറൊരു ദിവസം.. അങ്ങനെ ഓരോരുത്തര്‍ക്കും ദിവസങ്ങളെ ഭാഗം വച്ച് കൊടുത്തിരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ നമ്മള്‍ക്കായി ഒരു ദിവസവും ലോകവും ഇല്ലാത്ത അവസ്ഥ. മനുഷ്യര്‍ കൂടുതല്‍ കൂടുതല്‍ ചെറിയ ലോകത്തേക്ക് പോയിക്കൊണ്ടിരിക്കുന്നു. എവിടെയാണ് നമുക്ക്  തെറ്റ്  പറ്റിയത്? ഒന്നോര്‍ത്തു നോക്കൂ......

---------------------------------------------------------------------------------------------------

ആത്മാവ് നഷ്ടപ്പെട്ട വികാര വിചാരങ്ങളുടെ ലോകത്തിന്റെ നിരര്‍ഥ സങ്കല്‍പങ്ങളെ മനോഹരമായി ആവിഷ്‌കരിച്ച തസ്‌ലീമ അശ്‌റഫിന്റെ തിരിച്ചറിവ് എന്ന കവിത മൂര്‍ച്ചയുള്ള വരികളാല്‍ പ്രസന്നമാണ്.

'വിശാലമായൊന്നു നടക്കാന്‍ ...
ഭൂമി മുഴുവന്‍ ഞാന്‍ വിലക്ക് വാങ്ങി
ചിറകില്ലാതെ പറക്കാന്‍ ആകാശവും .
ആസ്വദിക്കാനുള്ള ഹൃദയവും ,
കാണാനുള്ള കണ്ണുകളും 
സ്വയം ചൂഴ്‌ന്നെടുത്ത കാര്യം 
അപ്പോഴാണെനിക്കോര്‍മ വന്നത് '.

ഇസ്‌ലാം ഓണ്‍ ലൈവ്‌ നെറ്റുലകത്തിനുവേണ്ടി ..