Tuesday, April 22, 2014

മാതൃത്വം മറന്ന മാതാക്കള്‍ 

സ്വന്തം ജിവിതസുഖം തേടി, വേണ്ടിവന്നാല്‍ തങ്ങളുടെ കരളിന്റെ കഷ്ണങ്ങളായ പൈതങ്ങളെപ്പോലും കഴുത്തറത്തു കൊല്ലുന്ന അമ്മമാര്‍ പെരുകുന്ന മലയാളനാടിനെക്കുറിച്ച് ഗൗരവമുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ കുറിക്കുകയാണ് സലീം സത്താര്‍.

'പണ്ട് കാലങ്ങളില്‍ പിതാവ് ഉപേക്ഷിച്ചുപോകുന്ന മക്കളെ തന്റെ ചിറകിനു കീഴില്‍ സുരക്ഷിതരായി വളര്‍ത്തി സ്വന്തം സുഖം പോലും നോക്കാതെ തന്റെ മക്കള്‍ക്കുവേണ്ടി മാത്രം ജീവിച്ചിരുന്ന അമ്മമാര്‍ നമുക്ക് അഭിമാനം തന്നെയായിരുന്നു. ഇന്ന് സകല സുഖങ്ങളുമുണ്ടായിട്ടും ഭര്‍ത്താവിനേയും കുട്ടികളേയും ബന്ധുക്കളേയും മറന്ന് പറ്റുമെങ്കില്‍ അവരെ കൊലക്കത്തിക്കിരയാക്കാനും മടിക്കാതെ കാമുകന്‍മാര്‍ക്കൊപ്പം ഇറങ്ങിത്തിരിക്കാനും നമ്മുടെ സ്ത്രീകളെ പ്രേരിപ്പിക്കുന്ന ഘടകമെന്താണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.'

**************************************

പത്താം തരം വിജയവുമായി ബന്ധപ്പെട്ട് വ്യത്യസ്ത കോണുകളില്‍ നിന്നും വൈവിധ്യമാര്‍ന്ന പ്രതികരണങ്ങള്‍ പ്രസരിക്കുന്നുണ്ട്. മലബാറുകാരുടെ ഉപരിപഠനസാധ്യതയുടെ പോരായ്മകള്‍ പല പ്രമുഖരും സൂചിപ്പിച്ചിട്ടുണ്ട്. ശബീര്‍ കളിയാട്ടമുക്കിന്റെ പ്രതികരണം ചില നഗ്‌നസത്യങ്ങളെ തുറന്നു കാണിക്കുന്നു. 'നാടും വീടും ഉപേക്ഷിച്ച് സ്വപ്നങ്ങളുടെ ഭാണ്ഡവും പേറി ഒരു തലമുറ യൗവ്വനം മരുഭൂമിയില്‍ ഹോമിച്ചതിന്റെ വിളവെടുപ്പാണിത്. ഇതിന് അവകാശവാദമുന്നയിച്ച് ആരും വരേണ്ടതില്ല. പ്രവാസി സുഹൃത്തുക്കളെ, ഇത് നമ്മുടെ കൂടി വിജയമാണ്. ദൈവത്തിന് സ്തുതി.'

**************************************

ഒടുവില്‍ വലിച്ചെറിയപ്പെടുന്ന പുവിന്റെ നൊമ്പരം പ്രവാസി ബ്ലോഗര്‍ ഗോപന്‍കുമാര്‍ (Admadalangal.blogspot.in) കുറിച്ചിടുന്നു.

'ചെറുതായൊന്ന് വാടിയപ്പോള്‍
അല്പം മണമൊന്നുകുറഞ്ഞപ്പോള്‍
എന്തിനാണിങ്ങനെ
ചവറുകൂനയിലേക്ക്
വലിച്ചെറിയുന്നത് '

ഉപയോഗം കഴിഞ്ഞാല്‍ എന്തും ഉപേക്ഷിക്കുക. എന്നതത്രെ വര്‍ത്തമാന കാലത്തെ ശൈലിയും ശീലവും. 

**************************************

ഐടി പ്രോഗ്രാമറുടെ ഒരു കാര്‍ട്ടുണ്‍ പോസ്റ്റ് ചേര്‍ത്തുകൊണ്ട് ഈ വാരത്തിനു വിട. സ്ത്രീകളെക്കുറിച്ചുള്ള ആരോപണങ്ങള്‍ സോഫ്റ്റ്‌വെയര്‍ എഗ്രിമന്റ് വായനപോലെയത്രെ. ഒടുവില്‍ എല്ലാം മറന്നു സമ്മതം ക്ലിക്കും.

ഇസ്‌ലാം ഓണ്‍ ലൈവ്‌ നെറ്റുലകത്തിനുവേണ്ടി ....