Thursday, June 28, 2018

സ്‌നേഹ സം‌ഗീതത്തിന്റെ സോപാനത്തില്‍

കലാ സാഹിത്യ സം‌ഗീത മേഖലകൾ പോലും ജാതി മത വര്‍‌ണ്ണാവര്‍‌ണ്ണ വൃത്തങ്ങളില്‍ തളച്ചിടപ്പെടുന്ന കാലത്ത് ആസ്വാദക ലോകം എന്ന ഏക പ്രതലത്തിലേയ്‌ക്ക്‌ ഇവയെല്ലാം എഴുന്നള്ളിക്കപ്പെടണമെന്ന മോഹം സൂക്ഷിക്കുകയും അതിന്നായി തന്നാലാവുന്ന വിധം പ്രവര്‍‌ത്തിക്കുകയും ചെയ്യുന്നുവെന്ന് സോപാന സംഗീത കുലപതി ഞരളത്ത് ഹരി ഗോവിന്ദന്‍ പറഞ്ഞു.

ഡയലോഗ്‌ സെന്റര്‍ ഖത്തര്‍ ഒരുക്കിയ ഈദ് സൗഹൃദ സദസ്സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ക്ഷേത്ര കലകള്‍ ക്ഷേത്രേതര കലകള്‍ അതുമല്ലെങ്കില്‍ ദൈവദത്ത കലകള്‍ ദൈവേതര കലകള്‍ എന്നതൊക്കെ ചില സ്വാര്‍‌ഥന്മാരുടെ ജല്‍‌പനങ്ങളാണ്‌.സവര്‍‌ണ്ണന്റെ അപ്രമാദിത്വത്തെ പ്രതിഷ്‌ഠിച്ചെടുക്കുന്നതിന്റെ ഭാഗമായി നടമാടപ്പെട്ട അധര്‍‌മ്മങ്ങളുടേയും അതിക്രമങ്ങളുടേയും ഉച്ചകോടിയിലാണ്‌ ഇന്നു ഭാരതം.കല സിദ്ധിയാണ്‌.ഈ സിദ്ധി പ്രസരിക്കപ്പെടുകയും പ്രതിഫലിക്കപ്പെടുകയും വേണം.സഹൃദയരുടെ ആസ്വാദനത്തിന്‌ തടയിടപ്പെടുന്ന പ്രവണത പൈശാചികമത്രെ.ഈ പൈശാചികതയെ അലങ്കരിച്ചാനയിപ്പിക്കുന്ന കുതന്ത്രങ്ങളില്‍ കുറേ നിഷ്‌കളങ്കരായ പൊതു സമൂഹം വശം വദരായിക്കൊണ്ടിരിക്കുന്നു എന്നതും യാഥാര്‍‌ഥ്യമാണ്‌. വിഷലിപ്‌തമായ ലോകത്ത്‌ സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റെ സോപാന സം‌ഗീത വര്‍‌ഷം കൊണ്ട്‌  വിമലികരിക്കുമാറാകട്ടെ.ഹരി ഗോവിന്ദന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഗോക്കളെ മഹത്വ വല്‍‌കരിച്ച് മനുഷ്യനെ ചുട്ടുകൊല്ലുന്നവര്‍ കൊട്ടിപ്പടുന്ന വാദ്യോപകരണങ്ങള്‍ അധികവും ഗോക്കളുടെ തോലുപയോഗിച്ചാണെന്ന സാമാന്യ ബുദ്ധിപോലും പണയപ്പെടുത്തപ്പെട്ട ലോകത്ത് പ്രതീക്ഷകള്‍ മുളപ്പിക്കാനുള്ള ശ്രമത്തോളം മഹത്തരമായ ദൗത്യം ഇല്ലന്നതത്രെ പരമാര്‍‌ഥം..

താളലയ സം‌ഗീതാത്മകമായ ലോകത്തിനും ലോകര്‍ക്കും താളാത്മകമായ ജീവിത ക്രമം കാലങ്ങളായി അവതരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.ഈ മനോഹരമായ ജീവിതക്രമത്തെ ജീവിതത്തോട്‌ ചേര്‍‌ത്തു പിടിക്കാനുള്ള സര്‍‌ഗാത്മകമായ സാധനയും ശ്രമങ്ങളുമായിരിക്കണം പാളം തെറ്റിയ വര്‍‌ത്തമാന ലോകത്തിന്‌ അഭികാമ്യം.

ഹമദ്‌ അബ്‌ദു റഹിമാന്‍ അധ്യക്ഷത വഹിച്ച പരിപാടിയിൽ സോമൻ പൂക്കാട് കൃഷണൻ, മഞ്ഞിയിൽ അബ്ദുൽ അസീസ് ,  റഫീഖ് എന്നിവർ ആശംസകൾ നേർന്നു.  മുഹമ്മദ്‌ ഷബീര്‍ സ്വാഗതം  പറഞ്ഞു.


0 comments:

Post a Comment

Note: Only a member of this blog may post a comment.