Thursday, July 17, 2014

ആരാണ്‌ ഗോളടിച്ചത്‌

ഗോളടിച്ചതിന്റെ ചര്‍ച്ചകളാണെങ്ങും.വിശേഷിച്ച്‌ കഴിഞ്ഞദിവസം വര്‍ഷിച്ച ഏഴ്‌ ഗോളുകളെകുറിച്ച്‌.നഴ്‌സറി വിദ്യാര്‍ഥികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ വിവിധ സോഷ്യല്‍ മീഡിയകളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന കാല്‍പന്തുകളിയുടെ  സമയാസമയ ക്ളിപ്പുകളിലും പ്രതികരണങ്ങളിലും സജീവമായി ഇടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.വിജയികള്‍ക്ക്‌ വേണ്ടി ആഘോഷിക്കുന്നവരും പരാജിതര്‍ക്ക്‌ വേണ്ടി വിലപിക്കുന്നവരും ഒരുവേള ആത്മഹൂതിക്കൊരുങ്ങന്നവര്‍ പോലും ഉണ്ടെന്നതാണ്‌ പുതിയ വര്‍ത്തമാനം .എന്നാല്‍ ശരിക്കും ഗോള്‍ അടിച്ചവര്‍ ആരാണെന്ന്‌ മനാഫ്‌ എം ടി തന്റെ ടൈം ലൈനില്‍ കുറിച്ചിട്ടതിങ്ങനെ. 

ജീവിതത്തിന്റെ ഗോള്‍  പോസ്റ്റിലേക്ക് ചെകുത്താന്‍ ഏഴല്ല, എഴുപതും എഴുനൂറും ഏഴായിരവുമൊക്കെ ഗോളുകള്‍ അടിച്ച് ആനന്ദ നൃത്തം ചവിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. ആരവങ്ങളില്ലാത്തത് കൊണ്ടാണ് അറിയാത്തത്.
.........................
കളിയില്‍ തോറ്റ കാല്‍പന്തുകളിക്കാരോടൊപ്പം കരയുന്നവരുടെ എത്രയെത്ര പോസുകളാണ്‌ മീഡിയകളും മീഡിയയുടെ പേരമീഡിയകളും വിളമ്പിക്കൊണ്ടിരിക്കുന്നത്‌.ജീവിതത്തില്‍ തോറ്റവരോടൊപ്പം കരയുന്നത്‌ പോയിട്ട്‌ നേരാം വണ്ണം പകര്‍ത്താന്‍ പോലും ആരുമുണ്ടായില്ല.കളിക്കളമൊരുക്കുന്ന തിരക്കില്‍ തൂക്കിയെറിയപ്പെട്ടവരുടെ കണ്ണീരിന്റെ കഥ അബ്‌ദുല്‍ ലത്വീഫ്‌ പങ്കുവച്ചതില്‍ നിന്നും ചില പ്രസക്ത ഭാഗങ്ങള്‍ .

 ഈ ലോകകപ്പിന് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍വേണ്ടി സ്വന്തം വീടുകളില്‍നിന്നും ആട്ടിയോടിക്കപ്പെട്ട അന്നുമുതല്‍ കരയുകയാണ്. നിങ്ങളും കേട്ടില്ല, നിങ്ങളുടെ സര്‍ക്കാരും കേട്ടില്ല, ലോകവും കേട്ടില്ല. പതിനായിരങ്ങളെ കുടിയിറക്കി വര്‍ദ്ധിപ്പിച്ച സൗകര്യങ്ങള്‍ ഇനി ആര്‍ക്കുവേണ്ടി. എട്ടുവരിപാതയിലൂടെ രണ്ടുവരിയായി നീങ്ങുന്ന വാഹനങ്ങള്‍, ആളൊഴിഞ്ഞു കിടക്കുന്ന അംബരചുമ്പികളായ ഹോട്ടലുകള്‍, കുന്നുകൂടികിടക്കുന്ന ഉപയോഗം കഴിഞ്ഞ ഇന്ത്യന്‍ നിര്‍മ്മിത ഗര്‍ഭനിരോധന ഉറകള്‍. ലോകകപ്പിന് ശേഷം നിങ്ങളെ കാത്തിരിക്കുന്നത് ഇതൊക്കെയല്ലാതെ മറ്റെന്താണ്. അതുകൊണ്ടെല്ലാം നേട്ടവുമാര്‍ക്കാണ്. നിങ്ങളുടെ രാജ്യം നിങ്ങളെ സേവിക്കേണ്ട പണത്തില്‍ നിന്ന് ലോകകപ്പിനായി ധൂര്‍ത്തടിച്ചത് കോടാനുകോടികളാണ്. രണ്ടരലക്ഷത്തോളം പേരാണ് ഭവനരഹിതരായത്. പ്രക്ഷോപങ്ങളില്‍ എത്രയോപേര്‍ കൊല്ലപ്പെട്ടു. അവരുടെ കരച്ചില്‍ കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്നവര്‍ ഇന്ന് കരഞ്ഞു. അത്യാവശ്യം അലറിതന്നെ കരഞ്ഞു. ലോകകപ്പിന്‍റെ ആരംഭം മുതല്‍ കാണാന്‍ കാത്തിരുന്ന രംഗം.
.........................
കലാലയ രാഷ്‌ട്രീയ സമരമുറകളില്‍  നടമാടിപ്പോന്നിരുന്ന അഴിഞ്ഞാട്ടങ്ങളുടെ നഗ്ന ചിത്രങ്ങള്‍  ഒളിപ്പിച്ച്‌വയ്‌ക്കാന്‍ കഴിയാത്ത ചാനല്‍ യുഗത്തില്‍ മാറിച്ചിന്തിച്ചില്ലെങ്കില്‍ ശേഷിക്കുന്ന വിലാസവും നഷ്‌ടപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകാത്തതിലാകാം ഒരു പക്ഷം രാഷ്‌ട്രിയ നേതാക്കള്‍ പുനര്‍വിചിന്തനത്തിനു തയാറായത്‌.എന്നാല്‍ പഠിപ്പു മുടക്കിനെതിരെയുള്ള ആഹ്വാനങ്ങളെ നേരിടാന്‍ പഠിപ്പുമുടക്കിയുള്ള സമരത്തിനൊരുങ്ങുന്നുവെന്ന പുതിയ വാര്‍ത്താ സാധ്യതയെകുറിച്ച്‌ പറയുകയാണ്‌ മുഹമ്മദ്‌ ശമീം. 

പഠിപ്പു മുടക്കി സമരം ചെയ്യില്ലെന്ന, അഖിലേന്ത്യാ പ്രസിഡന്റിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നാളെ പഠിപ്പു മുടക്കാന്‍  വിദ്യാര്‍ത്ഥി ഫെഡറേഷന്‍  ജില്ലാ പ്രസിഡന്റ്‌ ആഹ്വാനം ചെയ്തു'  
......................
ഭരണാധികാരികളുടെ ഭാവനാ വിലാസങ്ങള്‍ക്കും എത്രയോകാതം അകലെയായിരിക്കണം ​ഭരണീയരുടെ യാഥാര്‍ഥ്യങ്ങള്‍ .വന്‍ കരകള്‍ ഭേദമില്ലാതെ മനുഷ്യര്‍ നേരിടുന്ന ഒരു വലിയ വെല്ലുവിളിയും ഇതായിരിക്കണം  .
നാട്ടില്‍ സുലഭമായി ലഭിക്കുന്ന മത്സ്യങ്ങളിലൊന്നായ മത്തി ഒരെണ്ണം വാങ്ങിക്കാന്‍ പോലും തികയാത്ത 32 രൂപ മതിപോലും ദാരിദ്ര്യ രേഖ മാഞ്ഞുപോകാന്‍ .ഇവ്വിഷയവുമായി ബന്ധപ്പെട്ട്‌ മുഹമ്മദ്‌ വാപിനുവിന്റെ പ്രതികരണം ഇവിടെ പകര്‍ത്താം 

എത്രപെട്ടെന്നാണ്‌ രാജ്യത്തെ ജനങ്ങള്‍ ദാരിദ്ര്യ രേഖയ്‌ക്ക്‌ മുകളിലെത്തിയത്‌ .ആഹാരം ചികിത്സ വിദ്യാഭ്യാഅസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പ്രതി ദിനം 32 രൂപ ചെലവഴിക്കാന്‍  കഴിവുള്ളവര്‍ ഇനി ദരിദ്രരല്ലത്രെ.ഏതായാലും പ്രവാസികള്‍ക്ക്‌ ഇനി നാട്ടില്‍ പോയി സുഖമായി ജീവിക്കാം.
ഇസ്‌ലാം ഓണ്‍ ലൈവ്‌ നെറ്റുലകത്തിനുവേണ്ടി ...

0 comments:

Post a Comment

Note: Only a member of this blog may post a comment.